തിരുവനന്തപുരം : ‘ ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ് …. ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്”. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ 2 മില്യണ്‍ കാഴ്ചക്കാരെ നേടിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിയതിനെതിരെ പ്രതിഷേധം ശക്തം. ‘കുട്ടി സഖാവ്’ മുഹമ്മദ് സിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് മെറ്റ നീക്കം ചെയ്തത്. വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ മെറ്റയ്ക്കെതിരെ വിമർശനവുമായി മുഹമ്മദ് സിയാൻ പുതിയ വീഡിയോ പങ്കുവച്ചു. വീഡിയോ മാത്രമേ നിങ്ങള്‍ക്ക് എടുത്തു കളയാൻ കഴിയുകയുള്ളൂവെന്നും ചെങ്കൊടി ചങ്കിനുള്ളില്‍ തന്നെ ആണെന്നും കുട്ടികള്‍ പറയുന്നു.
‘ ഞങ്ങള്‍ ഇന്നലെ ഇട്ട വീഡിയോ 20 ലക്ഷം ആളുകള്‍ കണ്ടു. ഞങ്ങളുടെ പിണറായി സഖാവ് വരെ കമന്റ് ഇട്ടു. ഞങ്ങള്‍ക്കിനി എങ്ങനെയത് തിരിച്ചെടുക്കണമെന്ന് അറിയില്ല. ഞങ്ങള്‍ക്ക് ടെൻഷനില്ല. നിങ്ങള്‍ക്ക് ഇൻസ്റ്റഗ്രാമിലെ വീഡിയോ അല്ലേ റിമൂവ് ചെയ്യാൻ കഴിയുകയുളളൂ. ചങ്കിലാണ് ചെങ്കൊടി. അതാർക്കും മാറ്റാൻ കഴിയില്ലല്ലോ എന്ന് പുതിയ വീഡിയോയില്‍ കുട്ടികള്‍ ചോദിക്കുന്നു.
അതേസമയം മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി മെറ്റയ്ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അടുത്തിടെ രാഷ്ട്രീയ ബന്ധമുള്ള ഉള്ളടക്കങ്ങളും നിരവധി അക്കൗണ്ടുകളും പോസ്റ്റുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റുകളും ഇത്തരത്തില്‍ കൂട്ടത്തോടെ നീക്കം ചെയ്തിരുന്നു.

