റിയാദ്: സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡറെ നിയമിച്ചു. നിലവില്‍ ഖത്തറിലെ ഇന്ത്യൻ അംബാസിഡറായ വിപുലാണ് സൗദിയിലേക്കുള്ള പുതിയ സ്ഥാനപതി. നിലവിലെ അംബാസിഡറായ സുഹൈല്‍ അജാസ് ഖാൻ സ്ഥാനമൊഴിയുന്നതോടെ വിപുല്‍ ചുമതലയേല്‍ക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം.
മധ്യപ്രദേശ് സ്വദേശിയായ ഡോ. സുഹൈല്‍ അജാസ് ഖാനാണ് 2023 മുതല്‍ റിയാദ് എംബസിയിലെ ഇന്ത്യൻ അംബാസിഡർ. ഇദ്ദേഹം മൂന്നു വർഷ കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിയുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വൈകിട്ടാണ് പുതിയ ഇന്ത്യൻ അംബാസിഡറെ പ്രഖ്യാപിച്ചത്. ബീഹാർ സ്വദേശിയാണ് പുതുതായെത്തുന്ന ഇന്ത്യൻ സ്ഥാനപതി. ഇദ്ദേഹം ഉടൻ തന്നെ റിയാദിലെത്തി ചുമതലയേല്‍ക്കും.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് വിപുല്‍. ഈജിപ്ത്, ശ്രീലങ്ക, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ, ജോയിൻറ് സെക്രട്ടറി പദവികളിലുണ്ടായിരുന്നു. തുടർന്ന് 2017 മുതല്‍ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോണ്‍സല്‍ ജനറലായും അദ്ദേഹം പ്രവർത്തിച്ചു. 2020 മുതല്‍ 2023 വരെ വിദേശകാര്യ മന്ത്രാലയത്തില്‍ ഗള്‍ഫിന്റെ ചുമതലയുള്ള ജോയിൻറ് സെക്രട്ടറിയുമായി. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്. 1994-ല്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എൻജിനീയറിങ്ങില്‍ ബിരുദം നേടിയ വിപുല്‍, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എ ബിരുദവും നേടിയിരുന്നു. രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

