ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില സ്വന്തമാക്കി സാം കറൻ; തൊട്ടുപിന്നാലെ കാമറൂൺ ഗ്രീനും ബെൻ സ്റ്റോക്സും

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ലേലത്തുക സ്വന്തമാക്കി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മിനി ലേലത്തിൽ കറനെ 18.50 കോടി രൂപ മുടക്കി കിംഗ്സ് ഇലവൻ പഞ്ചാബാണ് ടീമിലെത്തിച്ചത്. 2 കോടി രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകളും ആവേശത്തോടെ ലേലം വിളിച്ചു. എന്നാൽ, റെക്കോർഡ് തുകയ്ക്ക് പഞ്ചാബ് കറനെ സ്വന്തമാക്കുകയായിരുന്നു.

ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീന് 17.50 കോടി രൂപ ലഭിച്ചു. 2 കോടി രൂപയായിരുന്നു താരത്തിൻ്റെയും അടിസ്ഥാനവില. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നിവരുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഗ്രീനിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിൻ്റെ മുൻ താരവും ഇംഗ്ലണ്ടിനെ ടെസ്റ്റ് ക്യാപ്റ്റനുമായ ബെൻ സ്റ്റോക്സിനും ലഭിച്ചു റെക്കോർഡ് തുക. 16.25 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിംഗ്സാണ് സ്റ്റോക്സിനെ ടീമിലെത്തിച്ചത്. 7.25 കോടി രൂപ വരെ രാജസ്ഥാൻ റോയൽസ് സ്റ്റോക്സിനായി കളത്തിലുണ്ടായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് സ്റ്റോക്സിനായി ലേലം വിളിച്ച മറ്റ് ഫ്രാഞ്ചൈസികൾ.

ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിൻ്റെ റെക്കോർഡാണ് ഇക്കുറി ഈ മൂന്ന് താരങ്ങൾ തകർത്തത്. 2021 മിനി ലേലത്തിൽ മോറിസിനെ 16.25 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കുകയായിരുന്നു.

വിൻഡീസ് മുൻ ക്യാപ്റ്റൻ നിക്കോളാൻ പൂരാനെ 16 കോടി രൂപയ്ക്ക് ലക്നൗ വിളിച്ചെടുത്തു. രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ഫ്രാഞ്ചൈസികളും പൂരാനുവേണ്ടി ശ്രമിച്ചു. ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച ജയദേവ് ഉനദ്കട്ട് 50 ലക്ഷം രൂപയ്ക്ക് ലക്നൗവിലെത്തി. സിംബാബ്‌വെ ഓൾറൗണ്ടർ സിക്കന്ദർ റാസയെ അടിസ്ഥാനവിലയായ 50 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി.

ഓസീസ് സ്പിന്നർ ആദം സാമ്പ, അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്‌മാൻ എന്നിവരെ ലേലത്തിൽ ഒരു ടീമുകളും പരിഗണിക്കാത്തത് അതിശയമായി. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവർക്കും ആവശ്യക്കാരില്ല. ആദ്യ റൗണ്ടിൽ മലയാളി താരം രോഹൻ കുന്നുമ്മൽ അൺസോൾഡായി.

spot_img

Related Articles

Latest news