ശിവമോഗ: കർണാടകത്തിലെ ശിവമോഗയിൽ ഐഎസുമായി ബന്ധമുള്ള മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. സംസ്ഥാനത്ത് ഐഎസിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ എത്തിയവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ കൈവശം സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും സംസ്ഥാനത്ത് സ്ഫോടനം നടത്താനായിരുന്നു പദ്ധതിയെന്നും പോലീസ് പറഞ്ഞു. ശിവമോഗ സ്വദേശികളായ ഷരീഖ്, മാസി, സെയ്ദ് യാസിൻ എന്നിവരെയാണ് യുഎപിഎയടക്കം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്.
ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഹാനികരമായ ഐഎസിന്റെ പ്രവർത്തനങ്ങൾ നടത്താനായിരുന്നു മൂവരും പദ്ധതിയിട്ടിരുന്നതെന്ന് എഫ്ഐആറിൽ പറയുന്നു. മൂവർക്കും ഐഎസുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്നും ശിവമോഗ, തിർത്തഹള്ളി സ്വദേശികളാണ് പിടിയിലായതെന്നും അദ്ദേഹം അറിയിച്ചു.
ഇലക്ട്രിക്കൽ എൻജിനീയറായ സെയ്ദ് യാസിനാണ് സൂത്രധാരൻ എന്നാണ് പോലീസ് പറയുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്ഫോടനമടക്കം നടത്താനുള്ള പരിശീലനം ലഭിച്ചവരാണ് പിടിയിലായതെന്നും പോലീസ് കൂട്ടിച്ചേർത്തു. ഹിജാബ് വിവാദത്തിനിടെ ഹിന്ദുത്വ ആക്ടിവിസ്റ്റ് ഹർഷ കൊലപ്പെട്ടതിനെ തുടർന്ന് അശാന്തി നിലനിന്ന പ്രദേശമാണ് ശിവമോഗ. സവർക്കറുടെ പോസ്റ്ററുകളെ ചൊല്ലി കഴിഞ്ഞമാസവും ജില്ലയിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഭവത്തിനിടെ 20 കാരന് കുത്തേറ്റിരുന്നു.