കണ്ണൂർ:കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ഇരു സർക്കാരുകളും പ്രവാസികളോട് കാണിക്കുന്നത് കൊടും വഞ്ചനയും അവഗണനയുമാണ്, ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കുക എന്ന പ്രവാസികളുടെ ദീർഘകാല ആവശ്യം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് കമ്മിറ്റി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. പ്രവാസികൾക്ക് പിണറായി സർക്കാരിന്റെ മുൻ പ്രഖ്യാപനങ്ങൾ എല്ലാം എത്രയും വേഗം നടപ്പിലാക്കണമെന്നും, 60 വയസ്സ് തികഞ്ഞ മുഴുവൻ പ്രവാസികൾക്കും ക്ഷേമപെൻഷൻ അനുവദിക്കുകയും പ്രവാസി ക്ഷേമനിധിയിൽ അംഗമായ മുഴുവൻ ആളുകൾക്കും കൃത്യമായി പെൻഷൻ തുക എത്തിക്കുവാനുള്ള സംവിധാനം ചെയ്യണമെന്നും യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.നോർക്കയുടെ വെബ്സൈറ്റുകളിൽ പലപ്പോഴും സംഭവിക്കുന്ന പിഴവുകൾ തിരുത്തി ഏതൊരു പ്രവാസിക്കും ഏതു സമയത്തും ക്ഷേമനിധിയിൽ അംഗമാവാനുള്ള സംവിധാനം ഒരുക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഭാഗം പ്രവാസി കോൺഗ്രസ് ഏറ്റെടുത്ത് നടത്താനും തീരുമാനിച്ചു.
യോഗത്തിൽ ജില്ലാപ്രസിഡന്റ് മുഹമ്മദ് അലി കൂടാളി അധ്യക്ഷനായി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി മോഹനാംഗൻ ആമുഖ പ്രഭാഷണം നടത്തി. തുടർ ചർച്ചകൾക്ക് ജില്ലാ ജനറൽ സെക്രട്ടറി വിനി തോട്ടട നേതൃത്വം നൽകി. വൈസ് പ്രസിഡന്റ്‌മാരായ ടി.എച്ച് നാരായണൻ പ്രൊഫസർ ബാലകൃഷ്ണൻ ട്രഷറർ നിയാസ് മരക്കാർ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:ഷാജി കടയപ്രം സത്യൻ കെ പി പി സി ശ്രീകണ്ടാപുരംബ്ലോക്ക് പ്രസിഡന്റ് ജയചന്ദ്രൻ ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഖത്തർ ഇൻകാസ് കണ്ണൂർ ജില്ല ജനറൽ സെക്രെട്ടറി പിയാസ് മാച്ചേരിയെ ചടങ്ങിൽ ആദരിച്ചു. വലിയന്നൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.പ്രദീപൻ സമകാലീന രാഷ്ട്രീയ വിഷയങ്ങളെപ്പറ്റി പ്രതിപാദിച്ചു സംസാരിച്ചു.