ക്ലീനിംഗ് മിശ്രിതം കലര്‍ന്നു; കാപ്രി സണ്‍ ജ്യൂസുകള്‍ കുടിക്കരുതെന്ന് ഒമാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്

മസ്‌ക്കറ്റ്: അമേരിക്കന്‍ ബ്രാന്‍ഡ് ഉല്‍പന്നമായ കാപ്രി സണ്‍ ജ്യൂസ് ഉല്‍പ്പന്നങ്ങളില്‍ ചിലതില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും അത് വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നുമുള്ള മുന്നറിയിപ്പുമായി ഒമാന്‍ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി സെന്റര്‍. ക്രാഫ്റ്റ് ഹെയിന്‍സിന്റെ ചെറി ഫ്‌ളേവറോടു കൂടിയ ജ്യൂസിനാണ് വിലക്കേര്‍പ്പെടുത്തിയത്.

ഇതില്‍ ശുചീകരണത്തിനായി ഉപയോഗിക്കുന്ന കെമിക്കല്‍ മിശ്രിതത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2023 ജൂണ്‍ 25 വരെ കാലാവധിയുള്ള ബാച്ചിലാണ് മായം കലര്‍ന്നതായി കണ്ടെത്തിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഈ ജ്യൂസ് ഉല്‍പ്പന്നത്തിന് ഇതിനകം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒമാനില്‍ ഇതിന്റെ വില്‍പ്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.

തങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന പാനീയം ഈ ബാച്ചില്‍ പെട്ട ഉല്‍പ്പന്നമല്ലെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ എല്ലാ ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ഫുഡ് സേഫ്റ്റി അധികൃതരും കാപ്രി സണ്‍ ജ്യൂസിന്റെ ഈ പ്രത്യേക ബാച്ചിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ 5760 കെയ്‌സുകള്‍ മാര്‍ക്കറ്റില്‍ നിന്ന് സ്വമേധയാ പിന്‍വലിക്കാന്‍ കമ്പനിയും തീരുമാനിച്ചിട്ടുണ്ട്. ജ്യൂസ് ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിച്ച ക്ലീനിംഗ് മിശ്രിതം അബദ്ധവശാല്‍ ഉല്‍പ്പന്നവുമായി ചേര്‍ന്നതാണ് ജ്യൂസില്‍ ഇതിന്റെ സാന്നിധ്യം കാണപ്പെടാന്‍ ഇടയായതെന്നും ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ആ ബാച്ച് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ജ്യൂസിന്റെ രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ വ്യാപകമായ പരിതിയുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജ്യൂസില്‍ പാത്രങ്ങളും മറ്റും കഴുകാന്‍ ഉപയോഗിക്കുന്ന രാസ മിശ്രിതത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ അവ ഉപയോഗിക്കരുതെന്നും അവ വാങ്ങിയ സ്‌റ്റോറില്‍ തന്നെ തിരികെ നല്‍കണമെന്നും കമ്പനി അഭ്യര്‍ഥിച്ചിരുന്നു.

spot_img

Related Articles

Latest news