കേരളത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ച്‌ ഗവര്‍ണര്‍; നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിനും വിമര്‍ശനം

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം.

സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ് നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രതിസന്ധിക്കിടയിലും സംസ്ഥാനം 17 ശതമാനം വളര്‍ച്ച കൈവരിച്ചു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃക. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് തൊഴില്‍ ഭദ്രതയില്‍ സംസ്ഥാനം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍
പദ്ധതിയിലൂടെ സുരക്ഷിതവും വേഗതയുമുള്ള യാത്ര സാധ്യമാക്കാന്‍ കഴിയും. പദ്ധതിയുടെ ഡിപിആര്‍ റെയില്‍വെയ്ക്ക് സമര്‍പ്പിച്ച്‌ കഴിഞ്ഞു. പ്രകൃതി സൗഹൃദ പദ്ധതിയാണെന്നും പരാമര്‍ശം.

കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഗവർണർ ഉന്നയിച്ചത്
ഭരണഘടനാ മൂല്യങ്ങള്‍ രാജ്യത്ത് വെല്ലുവിളി നേരിടുകയാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി കുറച്ചത് വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, ആരോഗ്യ മേഖലകളെ ബാധിച്ചു. സാമ്പത്തിക അച്ചടക്കം വേണം, എന്നാല്‍ കേന്ദ്രത്തിനും, സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ അളവുകോല്‍ പാടില്ല.
നിയമനിര്‍മാണങ്ങള്‍ക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഭരണ ഘടന അധികാരം നല്‍കുന്നുണ്ട്.
എന്നാല്‍ ഇപ്പോള്‍ സംസ്ഥാനങ്ങളുടെ നിയമ നിര്‍മാണ അധികാരത്തിലേക്ക് കേന്ദ്രത്തിന്റെ കടന്നു കയറ്റം ഉണ്ടാകുന്നു. ഇത് സഹകരണ ഫെഡറലിസത്തിന് ഭൂഷണമല്ല. നിയമസഭ പ്രതിഫലിപ്പിക്കുന്നത് ജനങ്ങളുടെ വികാരമാണ്. നിയമ നിര്‍മാണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ ലക്ഷ്യം സംരക്ഷിക്കപ്പെടണം. മതേതരത്വം,ബഹുസ്വരത ,ഫെഡറിലിസം എന്നിവ സംരക്ഷിക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍.

കിഫ്ബിയെ സംസ്ഥാനത്തിന്റെ വായ്പയാക്കി പരിഗണിച്ചതിനെതിരെയും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ വായ്പയെടുപ്പിനെ സാരമായി ബാധിച്ചു. ഇത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും വിമര്‍ശനം.

മത്സ്യ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കും. പുനരധിവാസം ഉറപ്പാക്കാനായി പുനര്‍ഗേഹം പദ്ധതിയില്‍ 390 ഫ്ലാറ്റുകള്‍ കൈമാറി. 123 കോടി രൂപ ചെലവില്‍ 660 ഫ്ലാറ്റുകള്‍ കൂടി നിര്‍മിക്കുമെന്നും പ്രഖ്യാപനം.

കേരള പോലീസ് സേനയ്ക്ക് നയപ്രഖ്യാപന പ്രസംഗത്തില്‍ അഭിനന്ദനം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സേനകളില്‍ ഒന്നാണ് കേരളത്തിലേത്.

ഉന്നതവിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പ്രഖ്യാപനം.

ഭരണഘടന വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്.ഭരണഘടനയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

രാജ്യത്ത് പലയിടത്തും മാധ്യമ സ്വാതന്ത്രത്തിന് തടസ്സം ഉണ്ടാകുന്നു. ഇത് നല്ല സൂചനയല്ല. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നുംഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍.

നിയമസഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം
ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചാണ് നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിപക്ഷ പ്രതിഷേധിച്ചത്.

spot_img

Related Articles

Latest news