ബംഗളൂരു : കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ഇനത്തില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ( കെഎസ്‌ആര്‍ടിസി), ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും (ബിഎംടിസി) 1.4 കോടി രൂപ പിഴയായി നല്‍കണമെന്ന് കര്‍ണാടക ട്രാഫിക് പൊലീസ് അറിയിച്ചു.
ഇതില്‍ ബിഎംടിസി മാത്രം 1.3 കോടി രൂപ പിഴയായി നല്‍കാനുണ്ട്. പിഴത്തുക എത്രയും വേഗം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷനുകളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍ക്ക് സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ഡോ എം എ സലീം കത്തയച്ചു.
നഗരത്തിലോടുന്ന സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പടെ ആര്‍ടിഒയില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്ബോള്‍ നിയമങ്ങള്‍ ലംഘിച്ചതിന് കുടിശികയായുള്ള ട്രാഫിക് പിഴ അടയ്ക്കാറുണ്ട്. എന്നാല്‍ ബിഎംടിസി, കെഎസ്‌ആര്‍ടിസി ബസുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ആര്‍ടിഒയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇതേതുടര്‍ന്നാണ് കുടിശിക ഈടാക്കാന്‍ ട്രാഫിക് പൊലീസ് കത്തയച്ചത്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഎംടിസി, കെഎസ്‌ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാര്‍ നിരന്തരം ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരാണ്. തെറ്റായ പാര്‍ക്കിംഗ്, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് പലപ്പോഴും ട്രാഫിക് ലംഘനമായി കണക്കാക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് കരുതി ബസുകള്‍ പൊലീസ് പിടിച്ചെടുക്കാറില്ല. നിയമലംഘനത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിഎംടിസിക്ക് 26,000 നോട്ടീസുകള്‍ പൊലീസ് നല്‍കിയിരുന്നു.