തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയില്‍ നിന്നുള്ള വനിത എന്ന യുവതി, കുവൈറ്റില്‍ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്നതിനിടയില്‍ തനിക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും കാണിച്ച് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി. താൻ ഉപദ്രവിക്കപ്പെടുന്നു എന്നും രക്ഷിക്കണമെന്നും കൈകൂപ്പി പറയുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് തമിഴ്നാട് അധികൃതർ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
തലയില്‍ തട്ടമിട്ട്, ചെറിയൊരു മുറിയില്‍ നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്. കൈകൂപ്പി അപേക്ഷിച്ചുകൊണ്ട്, തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കള്ളക്കുറിച്ചി ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും (എസ്പി) അവർ അഭ്യർത്ഥിക്കുന്നു. “എന്റെ പേര് വനിത, ഞാൻ കള്ളക്കുറിച്ചി ജില്ലയില്‍ നിന്നുള്ളയാളാണ്. ഞാൻ വിദേശത്ത് വന്നിട്ട് മൂന്ന് മാസമായി. അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് എന്നെ രക്ഷിച്ചെത്തിക്കാൻ കളക്ടർ മാഡത്തോടും എസ്പി മാഡത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി അവർ എനിക്ക് ശമ്പളം തന്നിട്ടില്ല. എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല,” വീഡിയോയില്‍ അവർ പറഞ്ഞു.
വീഡിയോ തമിഴ്നാട് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന്, വനിത കള്ളക്കുറിച്ചി സ്വദേശിനിയാണെന്ന് അവർ സ്ഥിരീകരിക്കുകയും അവരുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നല്കി. കുവൈറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് തന്റെ മകളെ ചതിക്കുകയായിരുന്നുവെന്ന് വനിതയുടെ അമ്മ വെണ്ണില ആരോപിച്ചു. ഒരു മകനും മകളുമുള്ള വനിത, ഗാർഹിക ജോലിക്കായി വിദേശത്തേക്ക് പോയതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുകയാണെന്നും അമ്മ പറഞ്ഞു.
“ആ ഏജന്റ് അവരെ ചതിച്ചു. അവള്‍ക്ക് ഒരു മകനും മകളുമുണ്ട്. അവർ അവളെ ജോലിക്കായി കൊണ്ടുപോയതാണ്, പക്ഷേ അവളെ ഉപദ്രവിക്കുന്നു. എന്റെ മോളെ ജീവനോടെ വീട്ടില്‍ തിരിച്ചെത്തിക്കണേ കളക്ടർ മാഡം, ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു,” അമ്മ പറഞ്ഞു. വനിത ഈ ജില്ലയില്‍ നിന്നുള്ളയാളാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.തുടർ നടപടികള്‍ സ്വീകരിക്കുന്നു.

