ഫുൽബാനി: പോലീസ് ക്വാർട്ടേഴ്സിൽ വനിതാ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിലാണ് സംഭവം. ജി ഉദയഗിരിയിൽ സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സിലാണ് 26 കാരിയായ ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഖുർദ ജില്ലയിലെ നിറകർപൂർ സ്വദേശിനി സ്വാഗതിക ബെഹ്റ ആണ് മരിച്ചത്. ഒന്നരക്കൊല്ലം മുമ്പാണ് ജി ഉദയഗിരിയിലെ പോലീസ് സ്റ്റേഷനിൽ സ്വാഗതികയ്ക്ക് പോസ്റ്റിങ് ലഭിച്ചത്.
സ്വാഗതിക ഒറ്റയ്ക്കായിരുന്നു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. സബ് ഡിവിഷണൽ പോലീസ് ഓഫീസർ, ഇൻസ്പെക്ടർ ഇൻ ചാർജ് എന്നിവരുടെ ക്വാർട്ടേഴ്സ് തൊട്ടടുത്തുതന്നെ ആണ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെയാണ് സ്വാഗതികയെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ അടുത്തുള്ളവർ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം സ്വാഗതികയുടെ മരണത്തിൽ സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. മരണത്തിൻ്റെ ഉത്തരവാദിത്തം ഇൻസ്പെക്ടർക്കാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്റ്റേഷനു മുന്നിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയും ചെയ്തു. സ്വാഗതികയെ ഇൻസ്പെക്ടർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അമ്മയും സഹോദരനും സബ് ഡിവിഷണൽ പോലീസ് ഓഫീസർക്ക് പരാതി നൽകി. ഇൻസ്പെക്ടർ പലപ്പോഴും ശകാരിച്ചിരുന്നുവെന്ന് സ്വാഗതിക സൂചിപ്പിച്ചിരുന്നുവെന്നും സമ്മർദം താങ്ങാനാവാതെ ജോലി ഉപേക്ഷിക്കുമെന്നു പറഞ്ഞിരുന്നുവെന്നും പരാതിയിൽ പറയുന്നു.