സൗദിയില്‍ കോവിഡ് നിയമലംഘനത്തിനുള്ള പിഴ അടക്കണമെന്ന സന്ദേശം; നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയായി

ജിദ്ദ: സൗദിയില്‍ കോവിഡ് കാലത്തെ നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിരുന്ന പിഴകള്‍ അടക്കണമെന്ന സന്ദേശം നിരവധി പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നു.

കര്‍ഫ്യൂ ലംഘിച്ചതിനും കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചതിനും മറ്റുമായി സൗദി ആഭ്യന്തര മന്ത്രാലയം ചുമത്തിയ പിഴകള്‍ സന്ദേശം ലഭിച്ച്‌ 15 ദിവസത്തിനകം അടക്കണമെന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.

കോവിഡ് രൂക്ഷമായ സമയത്ത് മാസ്ക് ധരിക്കാത്തതിന് 1,000 റിയാല്‍ മുതല്‍ കര്‍ഫ്യൂ ലംഘിച്ചതിന് 10,000 റിയാല്‍ വരെയായിരുന്നു പിഴ ചുമത്തിയിരുന്നത്. നിരവധി പ്രവാസികള്‍ക്ക് ഇത്തരത്തിലുള്ള വിവിധ പിഴകള്‍ ലഭിച്ചിരുന്നു. പിഴ അടക്കാതിരുന്നത് കൊണ്ട് ഇഖാമ (താമസരേഖ) പുതുക്കാതിരിക്കുകയോ എക്സിറ്റ് റീ-എന്‍ട്രി വിസയില്‍ നാട്ടില്‍ പോവുന്നതിനോ മറ്റോ യാതൊരു വിധ തടസങ്ങളും ഉണ്ടാകാതിരുന്നത് കൊണ്ട് മഹാഭൂരിപക്ഷം പേരും ഈ പിഴകള്‍ ഇതുവരെ അടച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള പിഴകള്‍ 15 ദിവസത്തിനകം അടക്കണമെന്ന സന്ദേശം പിഴ കിട്ടിയവര്‍ക്കെല്ലാം ലഭിച്ചുകൊണ്ടിരിക്കുകയാണ്. 1,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തിയ എല്ലാവര്‍ക്കും അവരുടെ അംഗീകൃത മൊബൈല്‍ നമ്ബറിലേക്ക് ഇത്തരം സന്ദേശം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സന്ദേശം ലഭിച്ച്‌ 15 ദിവസത്തിനകം പിഴകള്‍ അടക്കാത്തപക്ഷം ഇത്തരം നിയമ ലംഘകര്‍ക്കെതിരെ മറ്റു നിയമ നടപടികള്‍ സ്വീകരിക്കുമെന്നുള്ള സന്ദേശവും മിക്ക ആളുകള്‍ക്കും ലഭിച്ചിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങളുടെ പിഴകള്‍ കൈകാര്യം ചെയ്യുന്ന ഈഫാ പ്ലാറ്റ്‌ഫോമില്‍ (Efaa.sa) നിന്നാണ് സന്ദേശം ലഭിക്കുന്നത്. ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും 10,000 റിയാല്‍ ഒന്നിച്ചു പിഴ അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാരാണ് വലിയ തുക പിഴ അടക്കാനുള്ള സന്ദേശത്തില്‍ ഏറെ പ്രയാസം അനുഭവിക്കുന്നത്. കൃത്യസമയത്ത് പിഴ അടച്ചില്ലെങ്കില്‍ എന്ത് നിയമനടപടിയായിരിക്കും ഉണ്ടാവുക എന്ന കാര്യത്തില്‍ വ്യക്തത ഇല്ല.

വലിയ തുക പിഴ അടക്കാന്‍ തവണ വ്യവസ്ഥ നല്‍കുകയോ പിഴ അടക്കുന്നതില്‍ നിന്ന് ഇളവ് പ്രഖ്യാപനം വരുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇത്തരക്കാര്‍. https://efaa.sa എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ പേരില്‍ ഇത്തരം പിഴകള്‍ വന്നിട്ടുണ്ടോ എന്ന് ആര്‍ക്കും ചെക്ക് ചെയ്യാവുന്നതാണ്.

spot_img

Related Articles

Latest news