മഹാത്മജിയുടെ ജീവാർപ്പണത്തിന് ഇന്ന് 73 വർഷം

0
424
മഹാത്മജിയുടെ ജീവാർപ്പണത്തിന് ഇന്ന് 73 വർഷം

“സത്യം വെറുമൊരു വാക്കല്ല, ജീവിതം മുഴുവൻ സത്യമാക്കിത്തീർക്കണം”

– കമർബാനു സലാം

വര : ജാസ്മിൻ റിയാസ്

മഹാത്മജിയുടെ ജീവാർപ്പണത്തിന് ഇന്ന് 73 വർഷം.

2021 ജനുവരി 30, രാഷ്ട്രം ഇന്ന് രക്തസാക്ഷി ദിനം ആചരിക്കുന്നു.

മഹത്തായ ആത്മാവ് എന്നർത്ഥത്തിൽ മഹാത്മാ, അച്ഛൻ എന്നർത്ഥത്തിൽ ബാപ്പു, അഹിംസയുടെ ആൾരൂപമായ മഹാത്മജി, നമ്മുടെ രാഷ്ട്രപിതാവ്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയും പാവപ്പെട്ടവരുടെ കണ്ണീരൊപ്പിയും, ഒടുവിൽ രാജ്യത്തിനായി രക്തസാക്ഷിയായ മഹാത്മാവ്.

“നമ്മുടെ ജീവിതത്തിലെ വെളിച്ചം മാഞ്ഞു പോയി” എന്ന് ജവഹർലാൽ നെഹ്റു വികാരാധീനനായി ലോകത്തോട് വിളിച്ച് പറഞ്ഞ ദിനം. 1948 ജനുവരി 30 ന് ഗാന്ധിജി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ ദിനം രക്തസാക്ഷി ദിനമായി ആചരിച്ചു തുടങ്ങിയത്. ദേശീയ തലത്തിൽ സർവോദയ ദിനം എന്നറിയപ്പെടുന്ന ഈ ദിനം രാഷ്ട്രത്തിനായി ജീവിതം സമർപ്പിച്ചവർക്ക് ആദര സൂചകമായിട്ടാണ് ആചരിക്കുന്നത്.

മോഹൻ ദാസ് കരംചന്ദ് ഗാന്ധി, 1869 ഒക്ടോബർ 2 ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലി ഭായിയുടെയും മകനായി ഗുജറാത്തിലെ പോർബന്തറിൽ ജനിച്ചു. മഹാത്മജിയുടെ ആദർശങ്ങളും സന്ദേശങ്ങളും പ്രവർത്തനങ്ങളും നമുക്ക് നേടിത്തന്നത് സ്വാതന്ത്ര്യത്തിന്റെ എഴു പതിറ്റാണ്ടുകൾ.

മതേതരത്വത്തിനും സഹിഷ്ണുതയ്‌ക്കും വേണ്ടി നിലകൊണ്ട മഹാത്മജി, ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല, തോൽവിയാണ്, എന്ന് നമ്മെ പഠിപ്പിച്ചു. നൈമിഷികമായ വിജയത്തിനല്ലാതെ ശാശ്വതമായ വിജയത്തിന് വേണ്ടി പോരാടി സ്വാതന്ത്ര്യം നേടിത്തന്നു.

ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം എന്ന് നമുക്ക് കാണിച്ചു തന്നു.
ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലേയ്ക്ക് നാം ഇനിയും എത്തിച്ചേർന്നിട്ടില്ല.

“പ്രാർത്ഥനാ നിരതനായ ഒരു മനുഷ്യൻ തന്നോടു തന്നെയും ലോകത്തോടും സമാധാനം പുലർത്തും. നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു, ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു, മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്” എന്നീ മഹത്തായ ആദർശങ്ങളിലൂടെ മാതൃകയായി.

“എന്റെ ജീവിതമാണ് എന്റെ സന്ദേശം, പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക, സത്യം ദൈവമാണ്, സത്യം വെറുമൊരു വാക്കല്ല ജീവിതം മുഴുവൻ സത്യമാക്കിത്തീർക്കണം ” ഇത്തരം സന്ദേശങ്ങളിലൂടെ മാർഗദർശിയായി.

“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക, ഞാനൊരു പടയാളിയാണ് സമാധാനത്തിന്റെ പടയാളി, കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോവും, എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലക്കിടാനാവില്ല”  എന്നീ അഹിംസയിലൂന്നിയ വചനങ്ങളാൽ പോരാളിയായി.

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോളതലത്തിലും, മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബി കോ, നെൽസൺ മണ്ടേല, ഓങ് സാൻ സൂചി എന്നീ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചിരുന്നു. ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട അഹിംസാദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്

ഡൽഹിയിലെ ബിർലാ മന്ദിരത്തിൽ വച്ച് നാദുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റാണ് ആ മഹത്തായ ജീവൻ പൊലിഞ്ഞത്.

1934 മുതൽ 5 തവണയാണ് മഹാത്മജിയുടെ ജീവനു നേരെ ആക്രമണമുണ്ടായത്.
ഡൽഹിയിലെ ബിർലാ മന്ദിരത്തിൽ ഒരു സായാഹ്ന പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പതിവായി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന യോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താൽ അന്ന് വൈകി. 5 മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോൾ അദ്ദേഹത്തിന്റെ അനുയായികളായ മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമപ്പെടുത്തി. ഉടനെത്തന്നെ അദ്ദേഹം പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. ജനങ്ങൾ കാത്തിരുന്ന മൈതാനത്തിന് നടുവിലൂടെ പോവാനിരുന്ന അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്സെ പോക്കറ്റിലിരുന്ന പിസ്റ്റൽ ഇരു കൈകൾക്കുള്ളിലൊതുക്കി മഹാത്മജിയെ വന്ദിച്ചു കൊണ്ട് കുനിഞ്ഞു. പാദങ്ങൾ ചുംബിക്കാൻ തുടങ്ങുകയാണെത് കരുതി മനു ഗോഡ്സെയെ വിലക്കി. എന്നാൽ ഗോഡ്സെ ഇടതു കൈ കൊണ്ട് മനുവിനെ തള്ളി മാറ്റി വലതു കൈയ്യിലിരുന്ന ബെറെറ്റ പിസ്റ്റൽ കൊണ്ട് ഗാന്ധിജിക്ക് നേരെ മൂന്നു തവണ വെടിയുതിർത്തു. നെഞ്ചിൽ തുളച്ച് കയറിയ വെടിയുണ്ടകൾ ആ മഹത്തായ ജീവൻ അപഹരിച്ചു.

ഗാന്ധി വധത്തെ തുടർന്ന് ഗോദ്സെയുടെ അറസ്റ്റും വിചാരണയും വധശിക്ഷയും നടന്നു. ഗാന്ധിവധത്തിൽ 8 പേർക്കെതിരെയായിരുന്നു കേസ്. അതിൽ ഗോഡ്‌സെ, നാരായൺ ആപ്തെ എന്നിവർക്ക് വധശിക്ഷ നൽകി.

രാജ്ഘട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന, നാടിന് വേണ്ടി രക്തസാക്ഷിയായ മഹാത്മാവിന് ആദരാഞ്ജലി

കമർബാനു സലാം – എഴുത്തുകാരിയും റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂളിലെ മുൻ അധ്യാപികയുമാണ് ലേഖിക