കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോലീസും എക്സൈസും മയക്കു മരുന്ന് വേട്ട ശക്തമാക്കി. ഇതിന്റെ ഭാഗമായി കണ്ണപുരത്ത് പോലീസ് നടത്തിയ വാഹന പെട്രോളിങ്ങിനിടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. പയ്യന്നൂർ സ്വദേശി നിസ മൻസിലിൽ നിഹാദ് അബ്ദുള്ള(32), മടക്കര ജുമാമസ്ജിദിന് സമീപം ഷഫീർ പടപ്പയിൽ(27) എന്നിവരെയാണ് ഞായറാഴ്ച്ച രാത്രി മടക്കരയിൽ വെച്ച്പിടികൂടിയത്.
ഒരു ഗ്രാം 100 മില്ലി എംഡിഎംഎ ഇവർ സഞ്ചരിച്ച ബൈക്കിൽ നിന്നും കണ്ടെത്തി. മടക്കര, അയ്യോത്ത് ഭാഗങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രിൻസിപ്പൽ എസ്ഐ ദിനേശ് വി ആർ, എ എസ് ഐ റഷീദ്, എസ് സി പി ഒ ജിതിൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കേസെടുത്ത് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ വിൽപ്പനയ്ക്കും ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ എസ്ഐ വി.ആർ ദിനേശ് അറിയിച്ചു. കണ്ണൂർ ജില്ലയിൽ ഈ മാസം മാത്രം ഇരുപതിലേറെ മയക്കു മരുന്ന് കേസുകളാണ് പിടികൂടിയത്.