മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ മുനമ്പം വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.വഖഫ് ബോർഡിന് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത് വി എസ് സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.ഈ റിപ്പോർട്ട് കൂടി പരിഗണിച്ച് ഹൈക്കോടതിയുടെ കോടതി അലക്ഷ്യ ഉത്തരവ് വന്നുവെന്നും, കോടതി അലക്ഷ്യമാവും എന്നതിനാലാണ് പരിഗണിക്കേണ്ടി വന്നതെന്നും പറഞ്ഞ അദ്ദേഹം, താൻ ചെയർമാൻ ആയിരുന്ന കാലത്ത് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും കൂട്ടിച്ചേർത്തു.
2016ല്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് വന്നു. എന്നാല്‍ താൻ ചെയർമാനായ വഖഫ് ബോർഡ് നോട്ടീസ് അയച്ചില്ല. ഇതേ തുടർന്ന് ഒടുവില്‍ കോടതിയലക്ഷ്യ നോട്ടീസ് വന്നു. ഇതിനെ തുടർന്ന് ബോർഡ് മീറ്റിങ്ങ് കൂടി വിഷയം പരിഗണിച്ചു. എന്നാല്‍ ഒരു നോട്ടീസ് പോലും അയക്കാതെയാണ് കാലവധി പൂർത്തിയാക്കി ചെയർമാൻ സ്ഥാനത്തുനിന്ന് ഇറങ്ങിയത്. പിന്നീട്, ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് തന്റെ ശേഷം വന്ന വഖഫ് ബോർഡ് കമ്മിറ്റിയായിരുന്നു. അന്ന് ടി.കെ. ഹംസയായിരുന്നു ചെയർമാൻ. അദ്ദേഹമാണ് നോട്ടീസ് അയച്ചത്, താനല്ല. സർക്കാർ വിചാരിച്ചാല്‍ ഈ വിഷയം പരിഗണിക്കാവുന്നതേയുള്ളൂ.
മുനമ്പം വിഷയത്തില്‍ പിണറയി സർക്കാരിനും വി എസ് സർക്കാരിൻ്റെ അതെ നിലപാടായിരുന്നുവെന്നുംപറഞ്ഞ റഷീദലി ശിഹാബ് തങ്ങള്‍, അവിടെ താമസിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളാണെന്ന മാനുഷിക പരിഗണന വച്ച് അവരെ ഇറക്കി വിടുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.