തിരുവനന്തപുരം: മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് സർക്കാർ ജോലി നല്‍കിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി.ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിരഞ്ജനയ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി മഞ്ജുഷ, ആരോഗ്യമന്ത്രി കെ മുരളീധരൻ, പഴകുളം മധു എംഎല്‍എ എന്നിവരും ഉത്തരവ് കൈമാറുന്ന സമയത്ത് എത്തിയിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിരഞ്ജനയ്ക്ക് യുഡിഎഫ് സർക്കാർ ആശ്രിത നിയമനം നല്‍കാൻ തീരുമാനിച്ചത്.
2024ല്‍ കണ്ണൂരില്‍ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ക്ഷണിക്കാതെയാണ് ദിവ്യ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിനുശേഷം കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീൻ ബാബു അന്ന് കളക്‌ട്രേറ്റ് വിട്ടിറങ്ങിയത്.
നാട്ടിലേക്ക് പോകുന്നതിനായി മലബാർ എക്സ്‌പ്രസിന് ടിക്കറ്റ് എടുത്തിരുന്നെങ്കിലും നവീൻ ബാബു നാട്ടിലെത്താത്തതിനെത്തുടർന്ന് ബന്ധുക്കള്‍ കണ്ണൂരില്‍ അറിയിക്കുകയായിരുന്നു. പുലർച്ചെ ചെങ്ങന്നൂർ എത്തുമെന്നാണ് നവീൻ ബാബു ബന്ധുക്കളെ അറിയിച്ചിരുന്നത്. പള്ളിക്കുന്നിലെ താമസസ്ഥലത്ത് അദ്ദേഹത്തിന്റെ ഡ്രൈവർ അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സർക്കാർ സിബിഐക്ക് വിട്ടിരുന്നു.

