ഇന്ന് മൂന്ന് കുട്ടികളടക്കം അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു: കടിയേറ്റവരിൽ പഞ്ചായത്ത് മെമ്പറും

കൊല്ലം/കോഴിക്കോട്: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നത്ത് പഞ്ചായത്ത് അംഗത്തെ തെരുവുനായ കടിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം വാർഡ് മെമ്പറായ ആർ ശ്രീജിത്തിനാണ് തെരുവ് നായയുടെ കടിയേറ്റത്. ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സംഭവം. പരിക്കേറ്റ ശ്രീജിത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കോഴിക്കോട്ട് ജില്ലയിൽ ഇന്ന് മൂന്നു കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് നഗരത്തിലെ അരക്കിണറിലും വിലങ്ങാട് ടൗണിലുമാണ് തെരുവ്നായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്.

തെരുവനായ് ശല്യത്തെക്കുറിച്ച് നാടെങ്ങും പെരുകുന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഒരോ ദിവസവും പുറത്തു വരുന്നത്. കോഴിക്കോട്ട് മണിക്കറുകള്‍ക്കിടെയാണ് മൂന്ന് കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റത്.

ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ളാസ് വിദ്യാര്‍ത്ഥി വൈഗ എന്നീ കുട്ടികൾക്കാണ് കടിയേറ്റത്. നൂറാസിന്‍റെ കൈയിലും കാലിലും ആഴത്തില്‍ കടിയേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് ആഴത്തില്‍ കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. ഗോവിന്ദപുരം സ്കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ വിളയാട്ടമെന്ന് നാട്ടുകാര്‍ പറയുന്നു.

വിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരും വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് വാക്സിന്‍ നല്‍കി.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്താകെ നിരവധി പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. കണ്ണൂർ തളിപ്പറമ്പിൽ മധ്യവയസ്കയുടെ കൈപ്പത്തിക്ക് കടിയേറ്റു. അട്ടപ്പാട്ടി ഷോളയൂരിൽ മൂന്ന് വയസ്സുകാരനെ തിരുവോണ ദിവസമാണ് തെരുവ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിൻ്റെ മുഖത്തടക്കം കടിയേറ്റു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

വയനാട്ടിൽ ജോലി കഴിഞ്ഞു മടങ്ങിയ കർഷകനേയും ആടിനെ മേയ്ക്കാൻ പോയ വിദ്യാർത്ഥിനിയെയും തെരുവുനായ ആക്രമിച്ചു. മാടത്തുംപാറ കോളനിയിലെ പതിനാലുകാരി സുമിത്രയ്ക്കാണ് മുഖത്ത് ഗുരുതരമായി കടിയേറ്റത്. തെരുവ് നായ ശല്യം രൂക്ഷമായ കണ്ണൂർ ജില്ലയിൽ ജില്ല പഞ്ചായത്ത് അടിയന്തിര യോഗം വിളിച്ചു. വരുന്ന ബുധനാഴ്ചയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ യോഗം ചേരുന്നത്.

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സമ്മതിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് നാളെ മുഖ്യമന്ത്രിയുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്നും പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം തെരുവ് നായ പ്രശ്നം പരിഹരിക്കാൻ കർമ പദ്ധതി രൂപീകരിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്.

spot_img

Related Articles

Latest news