മുക്കം : ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണമുണ്ടായ സാഹചര്യത്തിൽ പരിസര പ്രദേശങ്ങളായ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ കരുതലും ജാഗ്രതയും തുടരുന്നതിനായി മുക്കത്ത് മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. ഇതുവരെ സ്വീകരിച്ച നടപടികൾ, പോരായ്മകൾ എന്നിവ യോഗം വിലയിരുത്തി.
കൊടിയത്തൂരിൽ 9 വാർഡുകൾ പൂർണമായും 2 വാർഡുകൾ ഭാഗികമായും , കാരശ്ശേരിയിൽ ഒരു വാർഡ് പൂർണമായും ഒന്ന് ഭാഗികമായും , മുക്കം നഗരസഭയിൽ 5 ഡിവിഷനുകൾ പൂർണമായും ഒന്ന് ഭാഗികമായും കണ്ടയിൻ്റ്മെൻ്റ് സോണാക്കി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്തു കഴിഞ്ഞു. മേൽ പറഞ്ഞ വാർഡുകളിലെ മുഴുവൻ വീടുകളും കേന്ദ്രീകരിച്ചുള്ള സിംപ്റ്റം സർവ്വേ നാളെയോടെ പൂർത്തിയാകും.
പനി തുടങ്ങിയ ലക്ഷണമുള്ളവർ മറച്ചുവെക്കുന്നത് പ്രയാസമുണ്ടാക്കുന്നു. വവ്വാലുകളുടെ സാന്നിധ്യം ആശങ്കപ്പെടുത്തുന്ന ആവലാതിയുമുണ്ട്. നിരീക്ഷണ കാലാവധിയായ 21 ദിവസം വരെ കനത്ത ജാഗ്രത തുടരണമെന്ന അഭിപ്രായവുമുണ്ട്.പോലീസ് സാന്നിധ്യം വർധിപ്പിക്കണം.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിൽ മേഖലയിലെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് എന്നിവർ സംസാരിച്ചു.
മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു, കാരശ്ശേരി പ്രസിഡണ്ട് വി പി സ്മിത, കൊടിയത്തൂർ പ്രസിഡണ്ട് ഷംലൂലത്ത് വിളക്കോട്ടിൽ, മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സൺ അഡ്വ: കെ പി ചാന്ദ്നി , ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രജിത പ്രദീപ്, കാരശ്ശേരി ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജിജിത സുരേഷ്, താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് , മെഡിക്കൽ ഓഫീസർമാരായ ഡോ: സി. കെ. ഷാജി, ഡോ: മനു ലാൽ, ഡോ: സജ്ന തുടങ്ങിയവരും സി പി ഐ എം ഏരിയാ സെക്രട്ടറി ടി. വിശ്വനാഥനും ചർച്ചയിൽ പങ്കെടുത്തു.