ദേശീയ ഫുട്ബോൾ താരം അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു.

അരീക്കോട്: ദേശീയ തലത്തിൽ ശ്രദ്ധേയനായ ഫുട്ബോൾ താരം അസീം കൊറളിയാടൻ കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തുവരികയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയ ശേഷം കോയമ്പത്തൂർ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ ദർശനത്തിന് വെക്കും. തുടർന്ന് മൃതദേഹം വൈകുന്നേരം മൂന്നുമണിയോടെ അരീക്കോട്ടെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുത്തലത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം മഗ്‌രിബ് നമസ്കാരത്തിന് മുമ്പായി ഖബറടക്കം നടത്തും.

കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകനാണ് അസീം. പ്രശസ്ത ഫുട്ബോൾ താരവും പരിശീലകനുമായ അനീസ് കൊറളിയാടന്റെ ഇരട്ട സഹോദരനുമാണ്.

കേരളത്തിന് പുറമെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ടീമുകൾക്കായും കളത്തിലിറങ്ങിയ അസീമിന്റെ പ്രതിഭ ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. അണ്ടർ-21 കേരള ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം മറ്റ് മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്.

ക്ലബ്ബ് ഫുട്ബോൾ രംഗത്തും അസീം ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 2005-06 സീസണിൽ വാസ്‌കോ ഗോവയ്ക്കുവേണ്ടിയാണ് ക്ലബ്ബ് ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2006-07 സീസണിൽ സാൽഗോക്കർ ഗോവയ്ക്കും 2007 മുതൽ 2009 വരെ മുംബൈ എഫ്‌സിക്കും വേണ്ടി കളിച്ചു. 2009-10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിനായും 2010-11 സീസണിൽ ഈസ്റ്റ് ബംഗാളിനായും കളത്തിലിറങ്ങി.

2010-ൽ മഹാരാഷ്ട്രയ്ക്കും 2013-ൽ തമിഴ്നാടിനും വേണ്ടി സന്തോഷ് ട്രോഫിയിലും അസീം കളിച്ചിട്ടുണ്ട്. ഒമ്പത് സീസണുകളിൽ ഐ ലീഗിൽ കളിച്ച അദ്ദേഹം ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങി രാജ്യത്തെ പ്രധാന ഫുട്ബോൾ ടൂർണമെന്റുകളിലും വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.അസീമിന്റെ അകാല വിയോഗം ഫുട്ബോൾ രംഗത്തിനും നാടിനും തീരാനഷ്ടമാണ്.

spot_img

Related Articles

Latest news