പിലാത്തറയില്‍ രക്തക്കറകളോടെ കണ്ടെത്തിയ കാറിലുണ്ടായിരുന്നവര്‍ സ്റ്റേഷനില്‍; ഞെട്ടിക്കുന്ന സംഭവം, മൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്

കണ്ണൂർ: കണ്ണൂരിലെ പിലാത്തറയില്‍ രക്തക്കറയുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാർ ആരുടേതെന്ന് വ്യക്തമായി. കാർ തന്‍റേതാണെന്ന് പറഞ്ഞ് ഇതര സംസ്ഥാനക്കാരൻ പൊലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശി കുമാർ ജലിന്ദർ നിഗവും കുടുംബവുമാണ് പരാതിയുമായി എത്തിയത്. മോഷ്ടാക്കള്‍ കാർ തട്ടിയെടുത്തെന്നാണ് മൊഴി. കുടുംബത്തിന്‍റെ പരാതിയില്‍ പരിയാരം പൊലീസ് അന്വേഷണം തുടങ്ങി.

രാവിലെ ആറു മണിയോടെ പിലാത്തറ കോപ്പറേറ്റീവ് കോളേജിന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഗ്രാൻഡ് വിറ്റാര കാർ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ അങ്ങിങ്ങായി രക്തക്കറയുണ്ടായിരുന്നു. ചില്ലുകള്‍ തകർന്നിരുന്നു. പുറത്ത് തുറന്ന പെട്ടികളും വലിച്ചു വാരിയിട്ട വസ്ത്രങ്ങളും കണ്ടെത്തി. പിന്നാലെ പരിയാരം പൊലീസ് സ്ഥലത്ത് എത്തി. അക്രമികളെ കുറിച്ചോ കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. എന്നാല്‍ മണിക്കൂറുകള്‍ക്കകം തലശ്ശേരിയില്‍ നിന്ന് നിർണായക വിവരം എത്തി. സ്വർണ വ്യാപാരിയായ അശോക് യശ്വന്തിന്റെതാണ് കാർ. കാറില്‍ ഉണ്ടായിരുന്നത് സുഹൃത്തും സ്വർണ വ്യാപാരിയുമായ കുമാർ ജലിന്തർ സിങും കുടുംബവും. തലശ്ശേരി എസിപിയുടെ നേതൃത്വത്തില്‍ വിവരം ചോദിച്ചറിഞ്ഞു. ശേഷം ആക്രമിക്കപ്പെട്ട കുടുംബം പരിയാരം പൊലീസില്‍ പരാതി നല്‍കി.

കാറിലുണ്ടായിരുന്ന കുടുംബത്തിന്‍റെ മൊഴി

രാവിലെ നാലിനും അഞ്ചിനും ഇടയില്‍ പയ്യന്നൂർ എടാട്ട് വച്ചാണ് സംഭവം. രണ്ടു കാറുകളില്‍ പിന്തുടർന്നെത്തിയ സംഘം ദേശീയ പാതയുടെ സർവീസ് റോഡില്‍ വച്ച്‌ കാർ തടഞ്ഞു. മുൻ സീറ്റില്‍ കുഞ്ഞിനെ മടിയില്‍ വച്ചിരിക്കുകയായിരുന്നു കുമാറിനെ പിടിച്ചിറക്കി, ഡ്രൈവർ സച്ചിനെയും ആക്രമിച്ചു. കാറുമായി മുന്നോട്ടു നീങ്ങിയ ആക്രമികള്‍ പിൻസീറ്റില്‍ ഉണ്ടായിരുന്ന കുമാറിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും ഇറക്കി വിട്ടു. നടന്നും ഓട്ടോ പിടിച്ചും ഇവർ പയ്യന്നൂർ ബസ് സ്റ്റാൻഡില്‍ എത്തി. തലശ്ശേരിയിലേക്ക് ബസ്സ് കയറി. ഇതിനിടെ കാറുമായി പിലാത്തറയിലെ ഒഴിഞ്ഞ പറമ്പിലെത്തിയ ആക്രമിസംഘം കാർ തകർത്തു. കാർ ഉപേക്ഷിച്ചു മടങ്ങി.

25 ഗ്രാം സ്വർണം മാത്രം നഷ്ടമായെന്നാണ് കുമാർ ജലിന്തർ സിങിന്‍റെ പരാതി. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. പെരിന്തല്‍മണ്ണയില്‍ സ്വർണ്ണക്കട നടത്തുന്ന കുമാർ ജലിന്ദർ നിഗത്തിന്റെയും കാർ ഉടമയായ അശോക് യസ്വന്തിന്റെയും സ്വർണ്ണ വ്യാപാരത്തെക്കുറിച്ച്‌ അറിയുന്നവരാകാം അക്രമികള്‍ എന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നടന്നത് ആസൂത്രിതമായ കവർച്ചയോ അതോ മറ്റെന്തെങ്കിലുമുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related Articles

Latest news