മക്ക:മദീനയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരെ പുണ്യ സ്ഥലങ്ങളിലെക്ക് മാറ്റി.ഹജ്ജിനെത്തിയ ഇവര്‍ക്ക് ഹജ്ജ് കര്‍മ്മം നഷപ്പെടാതിരിക്കാൻ വേണ്ടിയാണ് ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സകളില്‍ കഴിയുന്ന ഹാജിമാരെയും വഹിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയത്തിന്റെ വാഹനവ്യൂഹം വിശുദ്ധ സ്ഥലങ്ങളിലേക്ക് പുറപ്പെട്ടു.
ഈ സീസണിലെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്വ്വഹിക്കുമ്പോള് തന്നെ അവരുടെ ചികിത്സാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഹജ്ജ് തീര്‍ത്ഥാടകരെ വിശുദ്ധ അറഫാത്തിലെ ജബല്‍ അല്‍ റഹ്മ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. ഹജ്ജിന്റെ പരമ പ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഹജ്ജ് ലഭിക്കില്ല. അതിനാലാണ് ഹജ്ജിനായി എത്തിയവരെ പ്രയാസപ്പെട്ടിട്ടാണെങ്കിലും മുഴുവൻ സജ്ജീകരണങ്ങളുമായി ഇവിടെ എത്തിക്കുന്നത്.
മുഴുവൻ മെഡിക്കല്‍ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള 16 ആംബുലൻസുകളിലായാണ് ആംബുലൻസ് വാഹനവ്യൂഹവും മദീനയില്‍ നിന്ന് പുറപ്പെട്ടത്. മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള ഇമിഗ്രേഷൻ റോഡില്‍ സ്ഥാപിച്ചിട്ടുള്ള 4 ആംബുലൻസുകള്‍, കൂടാതെ 2 തീവ്രപരിചരണ ആംബുലൻസുകള്‍, 5 സപ്പോര്‍ട്ടീവ് ആംബുലൻസുകള്‍, സംയോജിത ഓക്സിജൻ ക്യാബിൻ, ഒരു മൊബൈല്‍ പ്രഥമശുശ്രൂഷാ യൂണിറ്റിന് പുറമേ, രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഒരു ബസ് എന്നിവയും വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കുകള്‍ എന്നിവരടങ്ങുന്ന 83 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘവും വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യത്തോടെ സമാധാനത്തോടും കൂടി അവരുടെ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മദീനയിലെ ആശുപത്രികളിലുള്ള ഹജ്ജ് തീര്‍ഥാടകരെ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഹാജിമാരെ നേരത്തെ എത്തിക്കുന്നത്.