കര്‍ഷക സമരത്തില്‍ ആരാധകരെ നഷ്ടമായ സച്ചിന്‍

ധോണിയേക്കാളേറെ നിങ്ങളെ ഞാന്‍ സ്നേഹിച്ചിരുന്നു, എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് പഞ്ചാബിലെയും ഹരിയാനയിലെയും ആയിരകണക്കിന് ആരാധകരെ നഷ്ടമായി,” കര്‍ഷക സമരവുമായി ബന്ധപ്പെട്ട സച്ചിന്റെ വിവാദ ട്വീറ്റിന് ലഭിച്ച ഒരു മറുപടിയാണിത്. ഇത്തരത്തില്‍ നിരവധി മറുപടികള്‍ സച്ചിന്റെ ട്വീറ്റിന് താഴെ കാണാം. നിരവധി ട്രോളുകളും മാസ്റ്റര്‍ ബ്ലാസ്റ്ററിനെതിരെ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സജീവമായിരുന്നു.

ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്‌ച ചെയ്യരുതെന്നാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രതികരണം. “പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്‌ചക്കാരായി നില്‍ക്കാം, ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യപ്പെട്ടു നില്‍ക്കാം” സച്ചിന്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തെ കുറിച്ച്‌ നേരിട്ടുള്ള പരാമര്‍ശങ്ങളൊന്നും ട്വീറ്റിലില്ല.

മറുവശത്ത് രോഹിത് ശര്‍മയെപ്പോലുള്ളവര്‍, അതേ വിഷയത്തില്‍ ചെയ്ത ട്വീറ്റില്‍ സച്ചിന്‍ ഉപയോഗിച്ചതുപോലെയുള്ള ഹാഷ്ടാഗുകളോ ‘ആഭ്യന്തരകാര്യങ്ങള്‍’, ‘ബാഹ്യശക്തികള്‍’ എന്നീ വാക്കുകളോ ഇല്ലാത്തത് അവര്‍ക്കെതിരെ ആളുകള്‍ തിരിയുന്നത് ഒഴിവാക്കി.

ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച്‌ ലോക പ്രശസ്‌ത പോപ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ട്യൂന്‍ബര്‍ഗ്, മുന്‍ പോണ്‍ താരം മിയ ഖലീഫ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഇതിനു മറുപടിയെന്നവണ്ണം ട്വിറ്ററില്‍ നിറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ നിലപാട് ചിലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ മറ്റു ചിലര്‍ അതിനെ ശക്തമായി തന്നെ എതിര്‍ത്തു.

ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ രംഗത്തെത്തിയത് സച്ചിനെതിരെയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്‌ത് കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തെ സച്ചിന്‍ ഇതുവരെ കണ്ടില്ലേ? എന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍, സച്ചിന്‍ നല്ലൊരു രാജ്യസ്‌നേഹിയാണെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവന രാജ്യത്തിന്റെ ഒരുമയ്‌ക്ക് വേണ്ടിയുള്ളതാണെന്നും താരത്തെ പിന്തുണയ്‌ക്കുന്നവര്‍ വാദിക്കുന്നു.

spot_img

Related Articles

Latest news