തൃശൂര്‍: പൊതു വിപണിയില്‍ അരി വില കുതിക്കുമ്ബോള്‍ തൃശൂര്‍ ജില്ലയിലെ റേഷന്‍ കടകളില്‍ അരിക്ഷാമം രൂക്ഷം.
കഴിഞ്ഞ ഒരു മാസമായി കാര്‍ഡുടമകള്‍ക്ക് വെള്ള അരി ലഭിക്കുന്നില്ല. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട നീല, വെള്ള വിഭാഗം കാര്‍ഡുകാര്‍ക്ക് വെള്ള അരി പേരിന് പോലും ലഭിച്ചിട്ടില്ലെന്ന് വ്യാപക പരാതിയാണ് ഉയരുന്നത്. റേഷന്‍ വാങ്ങാനെത്തുന്നവര്‍ നിരാശയോടെ മടങ്ങുകയാണ്. ചുരുക്കം പേര്‍ മാത്രം പച്ചരിയോ, മട്ട അരിയോ വാങ്ങും.
സ്ഥിരമായി വെള്ള അരി ഉപയോഗിച്ചിരുന്നവരാണ് ഏറെ പ്രതിസന്ധിയിലായത്. പച്ചരി വാങ്ങാന്‍ ഭൂരിഭാഗം കാര്‍ഡുടമകളും തയ്യാറാകുന്നില്ല. ഇതിനാല്‍ റേഷന്‍ കടകളില്‍ പച്ചരി കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ മാസമെത്തിയ ലോഡില്‍ 60-70 ശതമാനവും പച്ചരിയായിരുന്നു. ചെലവാകാതെ കെട്ടിക്കിടക്കുന്ന പച്ചരി ഉണങ്ങുന്നതുമൂലം തൂക്കത്തില്‍ വലിയ കുറവ് വരുന്നുണ്ട്. തൂക്കത്തിലെ വ്യത്യാസം സാമ്ബത്തിക നഷ്ടം ഉണ്ടാക്കുന്നുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു.
റേഷന്‍ കടകളിലേക്ക് നവംബറിലെ അലോട്ട്മെന്റ് 10 മുതലാണ് ആരംഭിക്കുക. വിതരണത്തിനെത്തുന്ന ലോഡില്‍ കഴിഞ്ഞ മാസത്തെപോലെ വെള്ള അരിയില്ലെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.