പൗരത്വ നിയമവും ബുള്‍ഡോസര്‍ രാജും; ചൂടുള്ള രാഷ്ട്രീയം പറഞ്ഞ് വില്ല്യാപ്പള്ളി സ്‌കൂളിന്റെ അറബിക് നാടകം

വടകര : രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയും അടിച്ചമര്‍ത്തലുകളും ചര്‍ച്ചയാക്കി കോഴിക്കോട് വില്ല്യാപ്പള്ളി എം ജെ എച്ച് എസ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച അറബിക് നാടകം ശ്രദ്ധേയമായി. ഭരണകൂടം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പൗരത്വ നിയമവും ഉത്തരേന്ത്യയില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജും ഇതിവൃത്തമാക്കിയ നാടകം മികച്ച പ്രേക്ഷക പിന്തുണയോടെ എ ഗ്രേഡും സ്വന്തമാക്കി.

ഭരണകൂട ഭീകരതകള്‍ക്കിടയില്‍ ദുരിതത്തിലായ ഒരു ഉത്തരേന്ത്യന്‍ മുസ്ലിം കുടുംബത്തിന്റെ ജീവിതവും പോലീസ് നടപടികളുമാണ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത്. ഇന്ത്യ ഇന്ത്യക്കാരുടെ രാജ്യമാണെന്നും രാജ്യത്തെ ഈ ഭീതിജനകമായ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഓരോ പൗരനും ബാധ്യതയുണ്ടെന്നുമുള്ള സന്ദേശം നല്‍കിയാണ് നാടകം അവസാനിച്ചത്.

ആദ്യാവസാനം ഉദ്വേഗം നിറഞ്ഞ് ശ്രോതാക്കളെ മുള്‍മുനയില്‍ നിര്‍ത്തിയ നാടകം അവസാനിക്കുമ്പോള്‍ ഉയര്‍ന്ന ദേശീയ ഗാനത്തെ സദസ്സ് നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്. രാജ്യത്തെ ഭീതിജനകമായ നിലവിലെ സാഹചര്യം വിശദീകരിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചതായി കാണികള്‍ അഭിപ്രായപ്പെട്ടു.

പരപ്പനങ്ങാടി സ്വദേശി റഫീഖ് മംഗലശ്ശേരിയാണ് നടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സുനാന്‍, അമീന്‍, അമര്‍ നിസാല്‍, റിഹാല്‍, ശിഫാന ദിയ, സമാഹ,ആയിഷ, ബുഷ്‌റ എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്.

spot_img

Related Articles

Latest news