പുകവലി: കോവിഡ് കാലത്ത് മരണ നിരക്ക് കൂട്ടുന്നു

By : കമർബാനു സലാം * 

സിഗരറ്റ് പാക്കറ്റിലും, സിനിമയിലും സീരിയലിലും പുക വലിക്കുന്ന രംഗങ്ങളുള്ള പല സീനുകളിലും, തീയേറ്ററുകളിൽ ഇടവേളകളിൽ സ്ക്രീനിൽ മിന്നിമായുന്ന ദൃശ്യങ്ങളിലും നാം കാണാറുള്ള പരസ്യ വാചകം !

“Cigarette smoking is injurious to health”

‘പുകവലി ആരോഗ്യത്തിന് ഹാനികരം ‘

ചിലരിൽ ഈ ദുസ്വഭാവം കൗമാരകാലത്തെ കൂട്ടുകെട്ടിൽ നിന്നാവാം കിട്ടുന്നത്. പിന്നെ ശീലമായി വളർന്ന് ഉപേക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലേക്കെത്തി നിൽക്കുന്നു.

ചില വീടുകളിൽ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളും ഇത് ശീലമാക്കുന്നവരുണ്ട്. ജോലി സ്ഥലത്ത് ഉറക്കം വരാതിരിക്കാനായി പുകവലി ശീലമാക്കിയവരും ധാരാളം.

ഒരിക്കൽ പോലും വലിക്കില്ലെന്ന് തീരുമാനിച്ചവർ സുഹൃത്തുക്കളുടെ നിർബദ്ധത്തിന് വഴങ്ങി, അവർക്കിടയിൽ ആളാവാൻ വലിച്ച്, പിന്നീട് നിർത്താൻ പറ്റാതെ, വീട്ടുകാർ അറിയാതിരിക്കാൻ ഒളിച്ചും പാത്തും പതുങ്ങിയും ഈ ദുശ്ശീലം തുടരുന്നവരുമുണ്ട്.

ഈ കോവിഡ് കാലത്ത് എല്ലാവരും നിരന്തരം കേട്ടു കൊണ്ടിരിക്കുന്നത് ജാഗ്രതയോടെയും കരുതലോടെയും തുടരണമെന്ന മുന്നറിയിപ്പാണ്. എന്നാൽ എല്ലാ കാലത്തും തുടർന്നു കൊണ്ടിരിക്കുന്നതും പ്രത്യേകം ബോധവൽക്കരണം അനിവാര്യമായതും, ഓർമപ്പെടുത്തുന്നതാണ് പുകയില വിരുദ്ധ ദിനം.

മെയ് 31, ലോക പുകയില വിരുദ്ധ ദിനം.

പുകയിലയുടെ ഉൽപാദനവും ഉപയോഗവും നിയന്ത്രിക്കുക, പുകയില ഉൽപ്പന്നങ്ങളുടെ വിപത്തുകളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ഈ ദിനാചരണം ലക്ഷ്യമാക്കുന്നത്.

എന്നാൽ വർഷം തോറും ഈ ദിനം കാര്യക്ഷമമായി ആചരിച്ചിട്ടും ക്യാമ്പയിൻ നടത്തിയിട്ടും, “ശ്വാസകോശം സ്പോഞ്ചു പോലെയാണ് ” എന്ന് തുടങ്ങുന്ന ഭീതി ജനിപ്പിക്കുന്ന പരസ്യങ്ങളും ഷോർട്ട് ഫിലിമുകളുമൊക്കെ സമൂഹത്തെ ബോധവൽക്കരിക്കാനായി അഭ്യുദയകാംക്ഷികൾ ചെയ്തിട്ടും പുകവലിക്കാരുടെ എണ്ണം കുറയുന്നില്ല എന്നതിന് തെളിവാണ് സിഗരറ്റ് ഉത്പാദനവും വിപണിയും.

പുകയിലയുടെ ഉപയോഗവും ശ്വാസകോശത്തിന്റെ ആരോഗ്യവും ” എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പുകയില വിരുദ്ധ ദിനാചരണത്തിന്റെ പ്രമേയം.

പുകവലി മൂലം ഉണ്ടാകുന്ന ക്യാൻസർ ഏതെല്ലാം തരത്തിൽ മനുഷ്യ ശരീരത്തിൽ ബാധിക്കുന്നു എന്നത് 2019 ഡിസംബറിൽ സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ, കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച , ഡോക്ടർ പി.വി ഗംഗാധരൻ സാറിൻ്റെ ക്യാൻസർ ബോധവൽക്കരണ സെമിനാറിൽ പങ്കെടുത്തപ്പോൾ വിശദമായി മനസ്സിലാക്കാനായി.

പുകയിലയുടെ ഉപയോഗം മൂലമുള്ള രോഗങ്ങളെ രണ്ടായി തിരിക്കാം.

📍ഒന്നാമത്തേത്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ .

ശ്വാസകോശം ചുരുങ്ങുന്ന തരത്തിലുള്ള ബോങ്കൈറ്റിസ്.

📍രണ്ടാമത്തേത്, മറ്റ് അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ

ഹൃദയത്തിലേയ്ക്ക് രക്തയോട്ടം കുറഞ്ഞതു കൊണ്ടുള്ള ഹാർട്ട് അറ്റാക്ക്, തലച്ചോറിലേക്ക് രക്തയോട്ടം കുറഞ്ഞതു കൊണ്ടുള്ള മസ്തിഷ്ക്കാഘാതം.

ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം, തലച്ചോറിൻ്റെ ക്ഷതങ്ങൾ, കുടലിലെയും ആമാശയത്തിലെയും പുണ്ണുകൾ, രക്തധമനിക്കും നാഡിക്കുമുണ്ടാവുന്ന ക്ഷതങ്ങൾ, നേത്രരോഗങ്ങൾ , വന്ധ്യത, ശേഷിക്കുറവ്, പ്രമേഹം, ബുദ്ധിമാന്ദ്യം, വിഷാദരോഗം , വിവിധ അവയവങ്ങളിൽ കാണുന്ന അർബുദങ്ങൾ, എന്നിങ്ങനെ ധാരാളം രോഗങ്ങൾ പുകവലിക്കാരിൽ കണ്ടുവരുന്നു.

ഇത്തരക്കാരിൽ കാണുന്ന വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കിതപ്പ് എന്നിവ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമനറി ഡിസീസിന്റെ ലക്ഷണങ്ങളാണ്.

രുചിയും മണവുമില്ലായ്മ, പല്ലിൻ്റെ നിറം മാറൽ, പുഴുപ്പല്ല്, കേൾവിക്കുറവ്, നിത്യ ചുമ, ഏകാഗ്രതയില്ലായ്മ, അശ്രദ്ധ, അക്ഷമ , പ്രായോഗിക ബുദ്ധിയില്ലായ്മ തുടങ്ങിയവ പാർശ്വഫലങ്ങളിൽ പെടുന്നു.

പുകയിലയിൽ 400 ഓളം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട് . ശരീരത്തിൻ്റെ സാധാരണ പ്രവർത്തനത്തിന് വിഘാതം വരുത്തുന്നവയാണിത്.

ഇവയിൽ രോഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാന കാരണം നിക്കോട്ടിൻ എന്ന രാസപദാർത്ഥമാണ്. “കോൺടാക്ട് പോയ്സൺസ് ” വിഭാഗത്തിൽ പെടുന്ന വിഷമാണിത്.

പുകവലിക്കാർ പുറത്ത് വിടുന്ന പുക ഈ വിഷം കലർന്നതാണ്. ഈ പുക ശ്വസിക്കുന്നവരെല്ലാം പാസ്സീവ് സ്മോക്കേഴ്സ് ആയി മാറുകയാണ്. തെറ്റ് ചെയ്യാതെ രോഗബാധിതരാവുന്നവർ. അതുകൊണ്ട് തന്നെ പുകവലിക്കുന്നവർക്കു മാത്രമല്ല അവരുമായി സമ്പർക്കത്തിലുള്ളവർക്കും, ആ പുക ശ്വസിക്കുന്നവർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാവാൻ മറ്റുള്ളവരെ അപേക്ഷിച്ച് സാധ്യത കൂടുതലാണ്.

ലോകത്താകമാനം പുകയില ഉപയോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണം 80 ലക്ഷം ആണ്. അതിൽ 10 ലക്ഷം പേർ ‘പാസ്സീവ് സ്മോക്കേഴ്സ്’ ആണ്.

പുകവലിക്കാരുള്ള വീട്ടിലെ കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് നാലിരട്ടിയായിരിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

സ്വന്തം സുഖത്തിനു വേണ്ടി പണം കൊടുത്ത് വിഷം വാങ്ങി അകത്താക്കി സ്വയം രോഗം വിളിച്ചു വരുത്തുന്നതിലുപരി, വീട്ടിലുള്ളവർക്കു കൂടി രോഗം സമ്മാനിക്കുന്ന ഇത്തരം പ്രവണത എത്ര മാത്രം ബുദ്ധിയില്ലായ്മയാണെന്ന് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു.

പുകവലിയോടുള്ള ആസക്തിയിൽ നിന്നും മുക്തമാവാൻ, രൂപവും കോലവും മാറ്റുന്ന ഈ മാരകമായ ദുശ്ശീലം മാറ്റുവാൻ രോഗിതന്നെ മനസ്സു വെക്കണം.

സ്വന്തം വ്യക്തിത്വത്തിൽ വിശ്വാസവും അഭിമാനവും, പോസിറ്റിവ് ചിന്താഗതിയും സർവ്വോപരി സർവ്വശക്തനിൽ വിശ്വാസമുള്ള ഏതൊരാൾക്കും ഈ ദുശ്ശീലം പൂർണമായും നിർത്താനാവും.

പുകയിലയുടെ ഉപയോഗം കുറക്കാൻ പലതരം മരുന്നുകൾ ഇന്നു ലഭ്യമാണ്. നിക്കോട്ടിൻ ഗമ്മുകൾ , നിക്കോട്ടിൻ പാച്ചുകൾ എന്നിവ ഉപയോഗിക്കുമ്പോൾ പുകയിലയോടുള്ള താൽപര്യം കുറയുന്നു. ഇവ ഒരു ശ്വാസകോശ ഡോക്ടറുടെ നിർദ്ദേശപ്രകാരം വേണം ചെയ്യാൻ.

ശീലിക്കാത്താവർ ഒരിക്കലും പുകവലി ശീലമാക്കാതിരിക്കുക. ഈ ദുശ്ശീലത്തിന് അടിമപ്പെട്ടവർ തീർച്ചയായും നിർത്തുമെന്ന് മനസ്സിലുറപ്പിക്കുക. ആത്മനിയന്ത്രണവും പ്രയത്നവുമാണ് പ്രധാനം.

സ്വയം രക്ഷപ്പെടുക,  വീട്ടുകാരെ രക്ഷപ്പെടുത്തുക,  സമൂഹത്തെ രക്ഷപ്പെടുത്തുക,  അതിലൂടെ നാടിനേയും .

എൻ്റെ മോൾ മെഡിസിന് പഠിക്കുമ്പോൾ സഹപാഠികളോടൊത്ത് പുകയില വിരുദ്ധറാലിയിൽ പങ്കെടുത്തത് അഭിമാനത്തോടെ ഞാനെന്നും എല്ലാവരോടും പറയാറുണ്ട് .വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബന്ധതയെയാണ് അത് ചൂണ്ടിക്കാണിക്കുന്നത്.

ഈ കോവിഡ് കാലത്ത് രോഗം തീക്ഷ്ണമാവാതിരിക്കാൻ പുകവലി ഒരു കാരണമാവാതിരിക്കട്ടെ. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യം. സ്വയം തീരുമാനിച്ച് ഉത്സാഹിച്ചാൽ ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ലെന്ന് കരുതുക. യുവ തലമുറയാണ് നാട്ടിന്റെ സമ്പത്ത്. അതുകൊണ്ടു തന്നെ പുകവലിക്കാത്ത ഒരു സമൂഹം ഉണ്ടാവേണ്ടത് ഓരോ പൗരന്റേയും ആവശ്യകതയായി കരുതി മുന്നോട്ടു പോവാം.

 

* കമർബാനു സലാം – റിയാദിലെ അറിയപ്പെടുന്ന എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമാണ് ലേഖിക

spot_img

Related Articles

Latest news