മുല്ലപ്പെരിയാറിൽ പുതിയ ഡാം : ഹർജികളിൽ അന്തിമ വാദം ഇന്ന് മുതൽ

മുല്ലപ്പെരിയാർ ഹർജികളിൽ സുപ്രിംകോടതിയിൽ ഇന്ന് മുതൽ അന്തിമ വാദം. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, അഭയ് എസ്.ഓക, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കും.

ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിംകോടതിയെ അറിയിക്കും.

മുല്ലപ്പെരിയാർബേബി ഡാം അണക്കെട്ടുകൾ ബലപ്പെടുത്താനുള്ള നടപടികളിൽ ഊന്നിയാകും തമിഴ്‌നാടിന്റെ വാദം. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഒരുകൂട്ടം പൊതുതാൽപര്യഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സുപ്രീംകോടതി വീണ്ടും പോർമുഖമാകുന്നു. ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ സുപ്രധാന വിധിക്ക് ശേഷം ഇപ്പോഴാണ് അണക്കെട്ടിന്റെ സുരക്ഷ അടക്കം ആശങ്കകളിൽ പരമോന്നത കോടതി വിശദമായി വാദം കേൾക്കാൻ തയാറെടുക്കുന്നത്.

ബലപ്പെടുത്തൽ നടപടികൾ കൊണ്ട് 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാനത്തെ പരിസ്ഥിതി മാറ്റങ്ങൾ ചൂണ്ടിക്കാണിക്കും. ആവശ്യമെങ്കിൽ വിഷയം വിശാല ബെഞ്ചിന് വിടണം. കേരളത്തിന് സുരക്ഷയും, തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങൾ ഉണ്ടാകേണ്ടത്. മേൽനോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കൽ അടക്കം നിർദേശങ്ങളും കേരളം മുന്നോട്ടു വച്ചിട്ടുണ്ട്.

കേരളത്തിന്റെ ഈ വാദമുഖങ്ങളെ തമിഴ്‌നാട് എതിർക്കും. അണക്കെട്ടിൽ പുതിയ സുരക്ഷ പരിശോധന നടത്തണമെന്ന കേന്ദ്ര ജല കമ്മീഷന്റെ നിർദേശത്തോട് തമിഴ്‌നാട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. പുതിയ സുരക്ഷ പരിശോധന നടത്തുകയാണെങ്കിൽ പോലും മുല്ലപ്പെരിയാർ അണക്കെട്ടും, ബേബി ഡാമും ബലപ്പെടുത്തിയ ശേഷമായിരിക്കണമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

ഡാമുകൾ ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നുവെന്ന് തമിഴ്‌നാട് ആവർത്തിക്കും. റൂൾ കർവ്, ഇൻസ്ട്രുമെന്റേഷൻ, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യുൾ, മേൽനോട്ട സമിതിയുടെ പ്രവർത്തനവും പരാതികളും എന്നിവ അന്തിമ വാദത്തിൽ പരിഗണനാ വിഷയങ്ങളാകും.

spot_img

Related Articles

Latest news