മുംബൈ: 13കാരന്റെ വിസ്മയ ബാറ്റിങില്‍ അമ്ബരന്ന് ക്രിക്കറ്റ് ലോകം. 40 ഓവര്‍ മത്സരത്തില്‍ ഓപ്പണറായി എത്തി പുറത്താകാതെ 508 റണ്‍സ് അടിച്ചെടുത്ത് യഷ് ചൗഡെയാണ് താരമായി മാറിയത്.സ്‌കേറ്റിങ് താരമായിരുന്ന യഷ് വെറും മൂന്ന് വര്‍ഷം മുന്‍പാണ് അച്ഛന്റെ ഉപദേശത്തില്‍ ക്രിക്കറ്റിലേക്ക് എത്തിയത്. തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് യഷിന്റെ അച്ഛന്‍ ശ്രാവണിന് അഭിമാനിക്കാം.
മുംബൈ ഇന്ത്യന്‍സ് ജൂനിയര്‍ ഇന്റര്‍ സ്‌കൂള്‍ (അണ്ടര്‍ 14) ടൂര്‍ണമെന്റില്‍ സരസ്വതി വിദ്യാലയക്ക് വേണ്ടിയാണ് താരത്തിന്റെ അമ്ബരപ്പിച്ച ബാറ്റിങ്. ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലെ പരിമിത ഓവര്‍ പോരാട്ടത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോറെന്ന ഇന്ത്യന്‍ റെക്കോര്‍ഡും യഷ് സ്വന്തം പേരിലാക്കി. ഇതടക്കം നിരവധി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്.വെറും 178 പന്തുകളില്‍ നിന്ന് 81 ഫോറും 18 സിക്‌സും അടങ്ങുന്നതായിരുന്നു യഷിന്റെ സ്വപ്‌നതുല്ല്യ ഇന്നിങ്‌സ്. സഹ ഓപ്പണര്‍ തിലക് വകോഡെ 97 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിന് സമ്മാനിച്ചത് 714 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍.നിലവില്‍ ഈ വിഭാഗത്തിലെ ലോക റെക്കോര്‍ഡ് ശ്രീലങ്കന്‍ താരമായ ചിരത് സെല്ലെപെരുമയുടെ പേരിലാണ്. അണ്ടര്‍ 15 ഇന്റര്‍ സ്‌കൂള്‍ പോരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചിരത് 553 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡ് തീര്‍ത്തിരുന്നു. ഈ പട്ടികയില്‍ യഷ് രണ്ടാം സ്ഥാനത്ത് എത്തി.