ഫുജൈറ: ജീവനക്കാരന്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ജുമാ മാര്‍ക്കറ്റിലുള്ള (മസാഫി മാര്‍ക്കറ്റ്) ഗ്രോസറി സ്‌റ്റോര്‍ അടച്ചുപൂട്ടി. പച്ചക്കറികളും പഴങ്ങളും മുറിക്കുന്ന കത്തി ഉപയോഗിച്ച്, ഏഷ്യക്കാരനായ തൊഴിലാളി നഖം വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഫുജൈറ മുനിസിപ്പാലിറ്റി. അധികൃതര്‍ കര്‍ശന നടപടിയെടുത്തത്.
വീഡിയോ ക്ലിപ്പ് ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ഇന്‍സ്‌പെക്ഷന്‍ ആന്റ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയതായി ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മുഹമ്മദ് സൈഫ് അല്‍ അഫ്ഖാം പറഞ്ഞു. സ്ഥാപനത്തിനും ജീവനക്കാരനുമെതിരെ നടപടിയെടുത്തതായും അദ്ദേഹം അറിയിച്ചു.
ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു വാണിജ്യ സ്ഥാപനത്തോടും വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.