റിയാദ്: പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിന്റെയും പ്രായോഗിക പരിഹാരങ്ങൾ നടപ്പിലാക്കുന്നതിന്റെയും ഭാഗമായി, റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ നടത്തിവരുന്ന വാക്കിങ് ചലഞ്ചിന്റെ മൂന്നാം ഘട്ടത്തിന് കൂടുതൽ പുതുമകളോടെ തുടക്കമായി. WE GO FIT 3.0 എന്നാണ് മൂന്നാം ഘട്ട മുദ്രാവാക്യം. ഓരോരുത്തരും ഒരു മാസം കൊണ്ട് ചുരുങ്ങിയത് നൂറ് കിലോമീറ്റർ എങ്കിലും നടക്കുകയെന്നതാണ് ലക്ഷ്യം. കോഴിക്കോടൻസ് മെമ്പർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലോകത്തെവിടെവെച്ചും ഇതിൽ പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് ചലഞ്ച് രൂപകൽപന ചെയ്തിരിക്കുന്നത്. മൊബൈൽ അപ്ലിക്കേഷൻ വഴി ഓരോരുത്തരുടെയും നടത്തം വിലയിരുത്തിയാണ് ചലഞ്ച് മുന്നോട്ടുപോവുന്നത്. മികച്ച രീതിയിൽ ചലഞ്ച് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും. സമാപന ദിവസം കോഴിക്കോടൻസ് മെമ്പർമാർക്കായി മാരത്തോൺ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മുൻ ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ ചലഞ്ച്. നാല് ഗ്രൂപ്പുകളുടെ ലീഡർമാരായി വി.കെ.കെ. അബ്ബാസ്, മിർഷാദ് ബക്കർ, മുനീബ് പാഴൂർ, ഉമ്മർ മുക്കം എന്നിവരെ തിരഞ്ഞെടുത്തു.
റിയാദ് അൽ നഹ്ദ പാർക്കിൽ വെച്ച് നടന്ന പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെ.സി. ഷാജു ഫ്ലാഗ് ഓഫ് ചെയ്തു. മുൻ ഓർഗനൈസർമാരായ ഹസൻ ഹർഷദ് ഫറോക്ക്, സഹീർ മുഹ്യുദ്ധീൻ, മുജീബ് മൂത്താട്ട്, ഗ്രൂപ്പ് ലീഡർമാർ തുടങ്ങിയവർ പങ്കെടുത്തു. റയീസ് പൂനൂർ, അൻസാർ കൊടുവള്ളി, അബ്ദുൽ റഷീദ് പൂനൂർ, സി.ടി. സഫറുള്ള എന്നിവർ നേതൃത്വം നൽകി.

