പാലക്കാട് ആനക്കര ഗ്രാമപഞ്ചായത്ത് ഭരണം സിപിഎമ്മിന്. പുതിയ പ്രസിഡന്റായി എം വി ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജംസീനയുടെ വിജയം. ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ഏഴ് അംഗങ്ങളും കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും പങ്കെടുത്തു. മുസ്‌ലിം ലീഗിലെ മൂന്ന് അംഗങ്ങള്‍ വിട്ടുനിന്നു. ബിജെപി അംഗം തിരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുത്തെങ്കിലും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് വോട്ട് രേഖപ്പെടുത്തിയില്ല. സിപിഎം സ്ഥാനാർഥിക്ക് ഏഴും കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് ആറും വോട്ടുകള്‍ ലഭിച്ചു. ഇതോടെയാണ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജംസീന തിരഞ്ഞെടുക്കപ്പെട്ടത്.
മുസ്‌ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോട് യുഡിഎഫിലെ ഭിന്നത കൂടുതല്‍ രൂക്ഷമായി. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടർന്ന് ക്വാറം തികയാത്തതിനാല്‍ മാറ്റിവെച്ചിരുന്നു. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ എം വി ജംസീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മുൻ പ്രസിഡന്റ് പി എൻ അംബികയ്‌ക്കെതിരായ അവിശ്വാസപ്രമേയം പാസായതോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. സിപിഎം അംഗങ്ങള്‍ക്കൊപ്പം മുസ്‌ലിം ലീഗ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസപ്രമേയം പാസായത്. എന്നാല്‍, പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിയെച്ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നത രൂക്ഷമായി.
മുൻ പ്രസിഡന്റിനെ വീണ്ടും സ്ഥാനാർഥിയാക്കണമെന്ന കോണ്‍ഗ്രസ് നിലപാടിനോട് ലീഗ് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ വികസന ഫണ്ട് വിതരണത്തെച്ചൊല്ലിയും ഭരണസമിതിയില്‍ തർക്കമുണ്ടായി. മുൻ പ്രസിഡന്റിന്റെ വാർഡിന് കൂടുതല്‍ തുക അനുവദിച്ചെന്ന ആരോപണത്തെ തുടർന്ന് നേരത്തെയുള്ള ഫണ്ട് വിതരണ തീരുമാനം മരവിപ്പിക്കുകയും എല്ലാ വാർഡുകള്‍ക്കും തുല്യമായി തുക അനുവദിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

