ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണി കളിക്കാരനെന്ന നിലയില്‍ ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു.ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായുള്ള നിലനിർത്തല്‍ പട്ടിക പുറത്തുവിടുന്നതിനിടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങുന്ന ധോണി വരാനിരിക്കുന്ന സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മെന്ററായി പുതിയ റോളില്‍ ടീമിനൊപ്പം തുടരും.
ഐപിഎല്‍ ചരിത്രത്തില്‍ 278 മത്സരങ്ങളില്‍ നിന്ന് 38.30 ശരാശരിയിലും 137.45 സ്ട്രൈക്ക് റേറ്റിലും 5,439 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. ഇതില്‍ 24 അർദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. തന്റെ തന്ത്രപരമായ നായകത്വത്തിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാൻ 45-കാരനായ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണില്‍ പരിക്കുമൂലം ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതിരുന്ന ധോണി, പുതിയ സീസണില്‍ ഡഗ്‌ഔട്ടില്‍ നിന്ന് ടീമിന് തന്ത്രങ്ങള്‍ പറഞ്ഞുക്കൊടുക്കും.
ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിംഗ്സ് ഇല്ലെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ടീമിന്റെ വളർച്ചയില്‍ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചെന്നും ചെന്നൈ ഉടമ എൻ. ശ്രീനിവാസൻ പ്രതികരിച്ചു. പുതിയ പരിശീലകൻ സഹീർ ഖാനും നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനുമൊപ്പം ധോണിയുടെ പരിചയസമ്പത്ത് കൂടി ചേരുന്നതോടെ ചെന്നൈ വീണ്ടും കിരീടത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

