സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തി. ഇന്ന് പവന് 560 രൂപ കുറഞ്ഞതോടെയാണ് സ്വർണവില ഒരു ലക്ഷത്തില്‍ താഴേക്ക് എത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 99,760 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 12,470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
യുഎസ് ഡോളർ ശക്തിയാർജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് കേന്ദ്രബാങ്ക് (ഫെഡറല്‍ റിസർവ്) പലിശനിരക്ക് വീണ്ടും വർധിപ്പിക്കാൻ തയ്യാറായേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മാത്രം പവൻ വിലയില്‍ ഏഴായിരത്തോളം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും ഉയർന്ന റെക്കോർഡ്. കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് പവൻ വില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

