വാങ്കിന്റെ പ്രാദേശിക സമയ ക്രമീകരണവുമായി യുവ പണ്ഡിതന്‍

തിരൂരങ്ങാടി: വാങ്കിന് പ്രാദേശിക സമയ ക്രമീകരണവുമായി യുവ പണ്ഡിതന്‍ രംഗത്ത്. ഡോ. മുസ്തഫ ദാരിമി നിസാമി കരിപ്പൂര്‍ ആണ് സംസ്ഥാനത്തെ ഓരോ പ്രദേശങ്ങളിലെയും നിസ്‌കാര സമയം ഒരുക്കി ചാര്‍ട്ട് തയ്യാറാക്കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ എര്‍ത്ത് സയന്‍സ് മന്ത്രാലയം, അമേരിക്കയുടെ നാസ, എന്‍. ഒ. എ. എ തുടങ്ങിയ ഏജന്‍സികളില്‍ നിന്നും വളരെ കൃത്യവും സൂക്ഷ്മവുമായ വിവരങ്ങള്‍ സംഘടിപ്പിച്ചാണ് ചാര്‍ട്ട് ഒരുക്കിയിട്ടുള്ളത്.

ഓരോ പ്രദേശത്തിന്റെയും ദൂരപരിധി, സമുദ്രനിരപ്പില്‍ നിന്നുള്ള ഉയര്‍ച്ച, താഴ്ച തുടങ്ങിയ നിസ്‌കാര സമയത്തില്‍ ഭാഗവാക്കാവുന്ന എല്ലാ സവിശേഷതയും പ്രത്യേകം പരിഗണിച്ച്‌ പ്രാമാണികമായ ഗ്രന്ഥങ്ങളില്‍ പറഞ്ഞ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ച്‌ അതിസൂക്ഷ്മവും കൃത്യവുമായ ഫോര്‍മുലയിലാണ് ഇത് ഒരുക്കിയത്.

കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങള്‍, കേരളത്തോട് ബന്ധപ്പെട്ട കര്‍ണ്ണാടകയിലെയും തമിഴ്‌നാട്ടിലേയും താലൂക്കുകള്‍, ലക്ഷദ്വീപിലെ ഓരോ ദ്വീപുകള്‍ എന്നിങ്ങനെയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

നിലവില്‍ കേരളത്തെ കോഴിക്കോട്, കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ നാല് മേഖലകളാക്കി മുമ്മൂന്ന് ദിവസത്തേക്കാണ് കലണ്ടറുകളില്‍ നിസ്‌കാരസമയം പ്രസിദ്ധീകരിക്കുന്നത്. 40 വര്‍ഷം ഉപയോഗിക്കാവുന്ന ഈ നിസ്‌കാരസമയം ആര്‍ക്കും എവിടെ വെച്ചും www.musthafadarimikaripur.com എന്ന വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഫ്രൈം ചെയ്‌തോ ലാമിനേഷന്‍ ചെയ്‌തോ ഉപയോഗിക്കാവുന്നതാണ്.

സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ അനുമതിയോടെ തയ്യാറാക്കിയ ഈ നിസ്‌കാര സമയം സമുന്നതരായ പണ്ഡിതന്‍മാര്‍ പരിശോധിച്ച്‌ അംഗീകരിച്ചശേഷമാണ് പുറത്തിറക്കുന്നത്. പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ പൊതുസമ്മേളനത്തില്‍ വെച്ച്‌ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് കോപ്പി കൈമാറി പ്രകാശനം നിര്‍വഹിച്ചിരുന്നു. സമസ്തയുടെ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അടക്കമുള്ള പണ്ഡിതന്‍മാര്‍ ഇത് ഓരോ പള്ളികളിലും നടപ്പില്‍ വരുത്തി അതനുസരിച്ച്‌ ബാങ്ക് വിളിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കരിപ്പൂര്‍ കളത്തിങ്ങല്‍ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പെരിങ്കല്ലീരി ഉമ്മു ആയിഷ ദമ്പതികളുടെ മകനായ ഇദ്ദേഹം കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയയിലെ പ്രൊഫസറാണ്. പ്രമുഖ പ്രഭാഷകന്‍ ഡോ.ജൗഹര്‍ മാതിരി സഹോദരനാണ്.

spot_img

Related Articles

Latest news