ഇരിട്ടി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്ക് പിറകെ ഭര്‍ത്താവും കിണറ്റില്‍ ചാടി. ഇവരെ രക്ഷിക്കാനായി ഇറങ്ങിയ നാട്ടുകാരനും കിണറ്റില്പെട്ടതോടെ അഗ്നി രക്ഷ സേന എത്തി എല്ലാവരെയും പുറത്തെത്തിച്ചു. ഇരിട്ടി ഹാജി റോഡില്‍ ചാക്കാട് ലക്ഷം വീട് കോളനിയിലെ കവിത, ഭര്‍ത്താവ് അര്ജുന് എന്നിവരാണ് കിണറ്റില്‍ ചാടിയത്. ഗുരുതര പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിഷു ദിവസം ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ നടന്ന വഴക്കിനിടെ കവിത കിണറ്റില്‍ ചാടുകയായിരുന്നു. പിന്നാലെ അര്‍ജുനും എടുത്തു ചാടി. കിണറിന് 22 കോല് ആഴമുണ്ടായിരുന്നു. വീട്ടിലെ ബഹളം കേട്ടെത്തിയ നാട്ടുകാരനായ അനസ് ഉടന്‍ കിണറ്റില്‍ ഇറങ്ങിയെങ്കിലും ഒന്നും ചെയ്യാനാവാതെ കിണറ്റില്‍ കുടുങ്ങി. ഒരു ഭാഗം പാറക്കെട്ടുള്ള കിണറില്‍ വേനല്‍കാലമായതിനാല്‍ വെള്ളം തീരെ കുറവായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി അസി. സ്റ്റേഷന് ഓഫിസര്‍ ടി. മോഹനന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നി രക്ഷ സേനയാണ് ഇവരെ കിണറില്‍ നിന്ന് ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചത്. ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഇരുവരെയും പിന്നീട് പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.