ന്യൂഡൽഹി: മോദി സർക്കാറിന്റെ കോവിഡ് പ്രതിരോധം മുമ്പാരിക്കലും ഉണ്ടാകാത്ത ദുരന്തത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് കോൺഗ്രസ്. ഇതിനകം 1.75 ലക്ഷം പേരുടെ ജീവനെടുത്ത വലിയൊരു ദുരന്തം നേരിടാൻ ഒരു തയാറെടുപ്പുമില്ല.
വാക്സിൻ നിർമാണ ശേഷിയിൽ ലോകത്തെ തന്നെ ഒന്നാം നമ്പർ രാജ്യമായ ഇന്ത്യയാണ് ഏറ്റവും കോവിഡ് ബാധിതം എന്നത് നാണക്കേടാണ്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രവർത്തക സമിതിയുടെ വിഡിയോ കോൺഫറൻസ് കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി. പ്രവർത്തക സമിതിയുടെ വ്യക്തമായ നിർദേശങ്ങൾ മുൻപ്രധാനമന്ത്രി മൻമോഹൻസിങ് കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്ന് മുതിർന്ന നേതാവ് പി. ചിദംബരം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
ഇന്ത്യ നിർമിച്ച രണ്ടു വാക്സിനുകൾ ആവശ്യത്തിന് ഉൽപാദിപ്പിച്ച് ഏറ്റവും പെട്ടെന്ന് ജനങ്ങളിലെത്തിക്കാൻ ശ്രദ്ധിച്ചില്ല. അതിനാവശ്യമായ ഫണ്ടോ ഇളവുകളോ കൊടുത്തില്ല എന്ന് കോൺഗ്രസ്സ് ആരോപിച്ചു.