സ്വപ്‌നയുടെ ബാക്ഗ്രൗണ്ട് തിരിച്ചറിയാതെ പോയത് പിഴവ് – സ്പീക്കര്‍

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഒരു പവര്‍ ബ്രോക്കറായിരുന്നു എന്നു തിരിച്ചറിയാന്‍ സാധിക്കാതെ പോയതും ബാക്ഗ്രൗണ്ട് തിരിച്ചറിയാതെ പോയതും പിഴവായി പോയെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. തന്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കര്‍ ഒരു തവണ പറഞ്ഞത് അവരെ കൂടുതല്‍ വിശ്വസിക്കാന്‍ കാരണമായെന്നും സ്പീക്കര്‍ പറഞ്ഞു.

വിവാദങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയില്‍ ഉണ്ടായില്ല. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. സ്വപ്‌നയുടെ കാര്യത്തില്‍ കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളും ഇക്കാര്യത്തില്‍ തനിക്ക് കിട്ടിയില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിക്കുന്നത്. സ്വാഭാവികമായും അവരോട് ആ രീതിയില്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തീര്‍ത്തും പ്രൊഫഷണലായ ഒരു ബന്ധമാണ് സ്വപ്നയോട് ഉണ്ടായിരുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന രീതിയില്‍ അവരോട് ബഹുമാനത്തോടെ തന്നെയാണ് പെരുമാറിയതും ബന്ധം സൂക്ഷിച്ചതും.

സ്വപ്നയെ കൂടുതലായി പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതൊഴിച്ചാല്‍ സ്വപ്ന എന്തെങ്കിലും സഹായം തന്നില്‍ നിന്നും ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ജോലി ചെയ്യുന്ന ആള്‍ കൂടെയുള്ളപ്പോള്‍ തന്റെ സഹായം അവര്‍ക്ക് ആവശ്യമില്ല.

തന്റെ നാടായ മലബാറില്‍ നിന്നും മറ്റും കോണ്‍സുലേറ്റില്‍ പലവിധ ആവശ്യങ്ങളുമായി വരുന്നുവരുണ്ടായിരുന്നു. അവരില്‍ പലരുടേയും പ്രശ്‌ന പരിഹാരത്തിന് സ്വപ്നയുടെ സഹായം തേടിയിരുന്നു. വ്യക്തിപരമായ സൗഹൃദം എന്നതിനെ എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. നന്നായി കാണുന്നു, സംസാരിക്കുന്നു, ഭര്‍ത്താവിനൊപ്പം വീട്ടില്‍ വന്നു കാപ്പി കുടിച്ചു പോകുന്നു. ഇതൊക്കെയുണ്ടായിട്ടുണ്ട്.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരെ ബഹുമാനത്തോടെ സ്വീകരിച്ചത്. അവരുടെ ബാക്ക്ഗ്രൗണ്ട് തിരിച്ചറിയാന്‍ സാധിച്ചില്ല. തന്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കര്‍ ഒരു തവണ പറഞ്ഞത് അവരെ കൂടുതല്‍ വിശ്വസിക്കാന്‍ കാരണമായി. സ്വപ്നയ്‌ക്കൊപ്പമുള്ള സന്ദീപിനേയും സരിത്തിനേയും എനിക്ക് പരിചയമില്ല. സന്ദീപിനെ താന്‍ കണ്ടിട്ടു പോലുമില്ല. സരിത്തിനെ ഒരു തവണ സ്വപ്നയ്‌ക്കൊപ്പം കണ്ടെങ്കിലും നേരിട്ട് പരിചയമില്ല.

സ്പീക്കറായി പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തില്‍ ഏറ്റവും വിഷമം തോന്നിയത് തന്നെക്കുറിച്ച്‌ ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ ആരോപണമായി കൊണ്ടു വന്നപ്പോള്‍ ആണ്. രാവിലെ പത്രം വായിക്കുമ്പോൾ ആയിരിക്കും സ്പീക്കര്‍ക്ക് വിദേശനിക്ഷേപം എന്നൊക്കെയുള്ള വാര്‍ത്ത കാണുക. പക്ഷേ സ്പീക്കറായതിനാല്‍ തുറന്ന് പ്രതികരിക്കാനോ തിരിച്ചടിക്കാനോ പറ്റില്ല. വിവാദങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയില്‍ ഉണ്ടായില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കര്‍ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്.

നിരവധി തവണ ഫ്‌ളാറ്റിലേക്ക് വിളിച്ചിട്ടും താന്‍ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് കീഴ്‌പെടാത്തതിനാല്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.

സി എം ഓഫിസില്‍ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. സി എം രവീന്ദ്രന്‍, ദിനേശന്‍ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവര്‍. സര്‍ക്കാരിന്റെ പല പദ്ധതികളും ഇവര്‍ ബിനാമി പേരുകളില്‍ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.

ഹൈക്കോടതിയില്‍ നല്‍കിയ രണ്ടാം റിപ്പോര്‍ട്ടില്‍ ആണ് സ്വപ്നയുടെ മൊഴി ഉള്‍പെടുത്തിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കര്‍ക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാര്‍ജയില്‍ ഇതേ കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്.

സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ ഐ ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നത്.

സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, സ്പീക്കര്‍ക്ക് എതിരായുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ലഫീര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ച്‌ ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴാണ് പേര് വെളിപ്പെടുത്തിയത്.

spot_img

Related Articles

Latest news