മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണക്കുടുക്ക നൽകി രണ്ട് കുരുന്നുകൾ മാതൃകയായി. കുന്നമംഗലം വെളൂരിലെ ആവണി, ആദിദേവ് എന്നീ കുട്ടികളാണ് തങ്ങളുടെ സമ്പാദ്യക്കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ധേയരായത്. കുട്ടികളിൽ നിന്നും തുക അടങ്ങിയ പണക്കുടുക്ക പി.ടി.എ റഹീം എം.എൽ.എ ഏറ്റുവാങ്ങി.
പാറപ്പുറത്ത് പ്രവീൺ, അശ്വതി ദമ്പതികളുടെ മക്കളായ ഇവരിൽ മൂത്തയാളായ ആവണി കുന്നമംഗലം എ.യു.പി സ്കൂളിൽ നാലാം തരത്തിലും ഇളയ കുട്ടിയായ ആദിദേവ് എൽ.കെ.ജിയിലുമാണ് പഠിക്കുന്നത്.
ആവണി പാദസരം വാങ്ങുന്നതിനും ആദിദേവ് തലയിൽ തൊപ്പിയുള്ള വർണ്ണക്കിളിയെ വാങ്ങുന്നതിനും കരുതിവെച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
എം.എം സുധീഷ് കുമാർ, നീലാറമ്മൽ ബഷീർ, എം.കെ സുകേഷ്. എൻ സുജേഷ് തുടങ്ങിയവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.