കോഴിക്കോട്: ഓട്ടോറിക്ഷ യാത്രക്കിടെ അബോധാവസ്ഥയിലായ സ്ത്രീക്ക് വേണ്ട പരിചരണം നല്കിയ ഡ്രൈവര്‍ക്ക് ജനമൈത്രി പൊലീസിന്റെ ആദരം. മേലേ പാളയത്തുനിന്ന് ഫെബ്രുവരി ഒന്നിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച സാജിത എന്ന അധ്യാപിക യാത്രക്കിടെ ഓട്ടോയില്‍ ബോധരഹിതയായി വീഴുകയായിരുന്നു. പിന്നീട് അവര്‍ കണ്ണുതുറന്നപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കൂട്ടിരിപ്പുകാരനായി ഒരു പരിചയവുമില്ലാത്ത ഓട്ടോ ഡ്രൈവറുമുണ്ട്.
ബോധംവന്ന അവരോട് ബന്ധുക്കളുടെ നമ്പര്‍ വാങ്ങി വിളിച്ചുവരുത്തുകയും ബന്ധുക്കളെത്തിയപ്പോള്‍ ഇവരുടെ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് സുരക്ഷിതമായി കൈമാറുകയും ചെയ്താണ് ഓട്ടോ ഡ്രൈവര്‍ മാതൃകയായത്. ചേളന്നൂര്‍ കളംകൊള്ളിത്താഴം ഞാറക്കാട്ട് മീത്തല്‍ നിസാര്‍ ആയിരുന്നു ആ ഡ്രൈവര്‍. ഭാര്യ ഷംല, മക്കളായ ആയിശ സാറ, മുഹമ്മദ് നസുമുല് ഹഖ് എന്നിവരടങ്ങിയതാണ് നിസാറിന്‍െറ കുടുംബം. നിസാര്‍ നാലു വര്‍ഷമായി സിറ്റിയില്‍ സ്ഥിരമായി ഓട്ടോ ഓടിക്കുകയാണ്.
അസുഖം മാറിയശേഷം സാജിത നിസാറിന്‍െറ നമ്പര്‍ തേടിപ്പിടിച്ച് വിളിക്കുകയും ഉപഹാരം നല്കാന് ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അത് വാങ്ങാന്‍ നിസാര്‍ തയാറായില്ല. തുടര്‍ന്ന് അവര്‍ ടൗണ്‍ സ്റ്റേഷനുമായി ബന്ധപ്പെടുകയും സി.ഐ എ. ഉമേഷ് നിസാറിനെ വിളിച്ച് ടൗണ്‍ സ്റ്റേഷന്റെ ആദരം സ്വീകരിക്കണമെന്നും സാജിത ടീച്ചര്‍ക്ക് കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിക്കുകയായിരുന്നു. സ്റ്റേഷന്റെ സ്നേഹോപഹാരവും സര്‍ട്ടിഫിക്കറ്റും സി.ഐ ഉമേഷ് നിസാറിന് കൈമാറി. ചടങ്ങില്‍ നിസാറിന്റെ നാട്ടിലെ ജനപ്രതിനിധി എം.കെ. രാജേന്ദ്രന്, ചേളന്നൂരിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ദയാനിധി, നിസാറിന്റെ ജ്യേഷ്ഠന് ഹമീദ്, ഓട്ടോ തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു സിറ്റി സെക്രട്ടറി ഹേമന്ത്, സ്റ്റേഷന് എസ്.ഐ വിജിത്ത്, സാജിത എന്നിവര്‍ സംസാരിച്ചു.