സൈബർ ഇടങ്ങളിൽ വൈറലായി സബ് ഇൻസ്‌പെക്ടർ ആനി ശിവയുടെ ജീവിതം  

തിരുവനന്തപുരം- ‘ശിവഗിരി തീർഥാടനം നടക്കുമ്പോൾ നാരങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റു നടന്നതാണ്. അതു കൊണ്ട്് ഈ നാട് എനിക്ക് നല്ല പരിചയമാണ്’ -ജീവിത പ്രതിസന്ധികളെ മറികടന്ന് വർക്കല സബ് ഇൻസ്പെക്ടറായി ചാർജെടുത്ത ആനി ശിവയുടെ വാക്കുകളും ആനിയും സൈബർ ഇടങ്ങളിൽ വൈറലായി. ഭർത്താവും വീട്ടുകാരും അവഗണിച്ച് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് 19-ാമത്തെ വയസ്സിൽ വീട് വിട്ടിറങ്ങേണ്ടി വന്ന പെൺകുട്ടിയാണ് ആനി ശിവ.

പത്തു വർഷം മുമ്പ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് ഐസ്‌ക്രീമും നാരങ്ങാ വെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇൻസ്പെക്ടറായി തിരിച്ചെത്തിയിരിക്കുകയാണ് ആനി. കിടക്കാൻ വീടോ വിശപ്പടക്കാൻ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമം സ്വപ്നം കണ്ട ഒരു കാലം ആനിക്കുണ്ടായിരുന്നു. കാഞ്ഞിരംകുളം കെ.എൻ.എം ഗവ. കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങിയതായിരുന്നു. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ബന്ധം ഇല്ലാതായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും തടസ്സങ്ങളായിരുന്നു അവിടെ. അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി. കറിപ്പൗഡറും സോപ്പും വീടുകളിൽ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇൻഷുറൻസ് ഏജന്റായി. വിദ്യാർഥികൾക്ക് പ്രൊജക്ടും റെക്കോഡും തയാറാക്കിക്കൊടുത്തു. സാധനങ്ങൾ ബൈക്കിൽ വീടുകളിൽ എത്തിച്ചുകൊടുത്തു. ഉത്സവവേദികളിൽ ചെറിയ കച്ചവടങ്ങൾക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി. കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയിൽ മാറിമാറിത്താമസിച്ചു. ആൺകുട്ടികളെപ്പോലെ മുടിവെട്ടി. മകൻ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തിൽ കരുതി. 2014 ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു.

വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016 ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019 ൽ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25 ന് വർക്കലയിൽ സബ് ഇൻസ്പെക്ടറായി ആദ്യനിയമനം.

ആനി ശിവ ഫെയ്‌സ് ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവൾ. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താൽ അവൾ ജീവിതം കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകൾ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടിൽ ഞാനും മോനും, ചേട്ടനും അനിയനുമായി ജീവിച്ചു’.

സോഷ്യൽ മീഡിയയിൽ താരമായ ദിവസം തന്നെ ആനി ശിവയ്ക്ക് വർക്കലയിൽനിന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. നേരത്തെ നൽകിയ അപേക്ഷ പരിഗണിച്ചാണ് ആനിയുടെ സ്ഥലംമാറ്റം. കുടുംബം എറണാകുളത്താണന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വർക്കലയിൽനിന്നും എറണാകുളത്തേക്ക് ആനിയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയത്.

spot_img

Related Articles

Latest news