തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ സാങ്കേതിക വിദ്യയിലുള്ള കഴിവും അടിസ്ഥാനപരമായ ധാരണയും വിപുലമാക്കുന്നതിനായി ടെക്നോ പാര്‍ക്കിലെ ഐസിറ്റി അക്കാദമി ഓഫ് കേരള പ്രമുഖ ഐടി കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു.
മെക്രോസോഫ്റ്റ്, യുഐ പാത്ത്, വിഎം വെയര്‍ എന്നീ മൂന്ന് കമ്പനികളുമായാണ് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഐസിറ്റി അക്കാദമി ധാരണയിലെത്തിയത്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്.
വ്യവസായിക മേഖലയിലെ സഹകരണ ശ്യംഖല വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പുതിയ പങ്കാളിത്തത്തിന്റെ നേട്ടം ഐസിറ്റി അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ കൂടാതെ ഐസിറ്റിഎകെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ എന്‍ജിനീയറിംഗ്, ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും. ഈ കമ്പനികളുമായുള്ള സഹകരണം ഉറപ്പാക്കുക വഴി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാദ്ധ്യത സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഐസിറ്റി അക്കാദമി ഓഫ് കേരള സിഇഒ സന്തോഷ് ചന്ദ്രശേഖര കുറുപ്പ് അഭിപ്രായപ്പെട്ടു.
ഇന്ഡസ്ട്രിയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് തുടർച്ചയായ അവസരങ്ങള്‍ ഐസിറ്റി അക്കാദമി തേടുകയാണെന്നും പുതിയ പങ്കാളിത്തം എല്ലാ പരിശീലന പരിപാടികളിലും വ്യാവസായിക അനുഭവം പകരുമെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോസോഫ്റ്റുമായി സഹകരണം ഉറപ്പാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മെക്രോസോഫ്റ്റ് ലേണിങ് പദ്ധതി മുഖേനെ 1800 ല്‍ അധികം കോഴ്സുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനം ഉറപ്പുവരുത്തുവാനും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുവാനും സാധിക്കും.
മെക്രോസോഫ്റ്റുമായുള്ള ധാരണാ പ്രകാരം എന്റോള്‍ ചെയ്തിരിക്കുന്ന സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് സൗജന്യ പരിശീലനവും സര്‍ട്ടിഫിക്കേഷനും ഉറപ്പാക്കാനാകും. പുതിയ പങ്കാളിത്തം വഴി ഐസിറ്റി അക്കാദമിയിലെയും ഐസിറ്റിഎകെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതികവിദ്യയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലിങ്ക്ഡ് ഇന്‍ ലേണിംഗ്, എംഎസ് ലേണ്‍, ഗിറ്റ്ഹബ് ലേണിംഗ് തുടങ്ങിയ പ്ലാറ്റ്ഫോമുകള് പ്രയോജനപ്പെടുത്താം.
അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനം ഫീസിളവും ലഭ്യമാണ്. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കുന്നതിനായി ലിങ്ക്ഡ് ഇന്‍ ലേണിംഗ് സംവിധാനത്തിലൂടെ ഒട്ടനവധി കോഴ്സ് മെറ്റീരിയല്‍സും ടിസിഎസ് അയോണുമായി സഹകരിച്ച് വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ഐസിറ്റി അക്കാദമി നല്‍കുന്നുണ്ട്.
പ്രമുഖ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (ആര്‍പിഎ) സോഫ്റ്റ്വെയര് കമ്പനിയായ യു ഐ പാത്തുമായി സഹകരണം ഉറപ്പാക്കിയതോടെ യു ഐ പാത്ത് അക്കാദമിക് അലയന്‍സ് പതിപ്പ് വഴി ആര്‍പിഎ സാങ്കേതികവിദ്യകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാകും. കൂടാതെ, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളുടെയും വിദഗ്ദ്ധരുടെയും കമ്മ്യൂണിറ്റിയില്‍ പങ്കുചേരാനും അവസരം ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഇതുവഴി മികച്ച ആര്‍പിഎ പ്രൊഫഷണലാകാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.
ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ബിസിനസ് മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയായ വിഎംവെയറുമായുള്ള കരാര്‍ പ്രകാരം, വിഎംവെയര്‍ ഐടി അക്കാദമി പ്രോഗ്രാമിന്റെ റീജിയണല്‍ അക്കാദമിയായിട്ടാകും ഐസിടി അക്കാദമി ഓഫ് കേരള പ്രവര്‍ത്തിക്കുക. ഇതിലൂടെ ഏറെ തൊഴില്‍ സാധ്യതയുള്ള വിര്‍ച്വലൈസേഷന്‍ കണ്‍സെപ്റ്റ്, നെറ്റ്വര്‍ക്ക് വിര്‍ച്വലൈസേഷന്‍ കണ്‍സപ്റ്റ് തുടങ്ങിയ കോഴ്സുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നേടാനാകുമെന്നും ഐസിറ്റി അക്കാദമി അറിയിച്ചു.