“കേരള സവാരി” കേരളത്തിന്റെ സ്വന്തം ഓട്ടോ ടാക്സി സർവീസ് ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ഇന്ന് പ്രവർത്തനം ആരംഭിക്കുന്നു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കും. തൊഴിൽ വകുപ്പിൻ്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്.

ഇന്ന് ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ കേരള സവാരി ആപ്പ് ലഭ്യമാകും. അധികം താമസിയാതെ തന്നെ ആപ്പ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കും. മറ്റു ഓൺലൈൻ പ്ലാറ്റുഫോമുകളെ പോലെ കേരള സവാരിയിൽ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയില്ല. തിരക്കുള്ള സമയങ്ങളിൽ മറ്റു ഓൺലൈൻ ടാക്സി കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ്ജ് വർധിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഗുണം യാത്രക്കാർക്കോ തൊഴിലാളികൾക്കോ ലഭിക്കാറുമില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ്ജ് മാത്രമാണ് കേരള സവാരിയിൽ ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്സികളിൽ അത് 20 മുതൽ 30 ശതമാനം വരെയാണ്.

ഓൺലൈൻ ടാക്സി സർവീസുകളുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സുരക്ഷയുടേതാണ്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഓൺലൈൻ സർവീസാണിത്. ആപ്പ് ഡിസൈനിങ്ങിലും ഡ്രൈവറുടെ രെജിസ്ട്രേഷനിലും അടക്കം ഈ കരുതലിനു പ്രാധാന്യം നൽകിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാകുന്ന ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനവും നൽകുന്നുണ്ട്.

കൂടാതെ ആപ്പിൽ ഒരു പാനിക് ബട്ടൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും തരത്തിൽ അപകടസാധ്യത തോന്നിയാലോ ഈ ബട്ടൺ അമർത്താം. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്സ്, മോട്ടോർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്. ഇനി ഓപ്ഷൻ തിരഞ്ഞെടുക്കാൻ പറ്റാത്തത്ര അപകടസാഹചര്യത്തിലാണെങ്കിൽ ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ നേരിട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് കണക്ട്ഡ് ആവും.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തും.

spot_img

Related Articles

Latest news