സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. ആഗസ്റ്റ് 17നാണ് സർവീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ആപ് പ്ലേസ്റ്റോറിൽ എത്തിയിരുന്നില്ല.ഗൂഗിൾ വെരിഫിക്കേഷനിൽ നേരിട്ട കാലതാമസമാണ് ആപ്പ് വൈകാൻ കാരണമായത് എന്നാണ് അധികൃതരുടെ വിശദീകരണം.
യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും തൊഴിൽ വകുപ്പിൻറെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് കേരള സവാരി ആരംഭിച്ചത്.
ഫോൺ നമ്പർ ഇ-മെയിൽ കൊടുത്ത് ആപ്പ് ലോഗിൻ ചെയ്യാം. പൈലറ്റ് പ്രോഗ്രാം എന്ന നിലയിൽ തിരുവനന്തപുരത്താണ് ഈ ആപ്പിൻറെ സേവനം ലഭ്യമാക്കുന്നത്. തുടർന്ന് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഓട്ടോ, ടാക്സി എന്നിവ ഇതുവഴി ബുക്ക് ചെയ്യാം. വളരെ ലളിതമായ ഇൻറർഫേസാണ് ആപ്പ് നൽകുന്നത്. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളിൽ കേരള സവാരി എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
ഡ്രൈവർമാർക്ക് ജാക്കറ്റും ഐഡി കാർഡും ഉണ്ടാകും എന്നാണ് സർക്കാർ പറയുന്നത്. കേരള സവാരിയുടെ സ്റ്റിക്കർ വാഹനത്തിന്റെ മുന്നിലും പിറകിലുമുണ്ടാകും. യാത്രക്കാർക്ക് ആപ്ലിക്കേഷനിൽ പരാതി സമർപ്പിക്കാനുള്ള സൗകര്യത്തിനുപുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ആരംഭിച്ചിട്ടുണ്ട്. നമ്പർ: 9072 272 208.