പത്തനംതിട്ട: സീതത്തോട്ടില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ സൈനികന്‍ പഞ്ചാബില്‍ വെടിയേറ്റ് മരിച്ച നിലയില്‍.
സിഗ്നല്‍ റെജിമെന്‍റ് വിഭാഗത്തിലെ സൈനികനും പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയുമായ കെ. സുജിത്ത് (33) ആണ് മരിച്ചത്. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ജോലി സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.
രണ്ട് മാസം മുമ്ബ് നാട്ടിലെത്തിയപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ സുജിത്ത് പ്രതിയാകുന്നത്. നാട്ടിലെത്തിയ സുജിത്ത് ബന്ധുവീട്ടില്‍ പോയിരുന്നു. ഈ സമയത്താണ് വ്യാജവാറ്റ് കേന്ദ്രം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ മഫ്ത്തിയില്‍ ബന്ധുവിന്‍റെ വീട്ടില്‍ പരിശോധനക്കെത്തിയത്.
തുടര്‍ന്നാണ് സുജിത്ത് എക്സൈസ് ഉദ്യേഗസ്ഥരെ ആക്രമിച്ച സംഭവം നടന്നത്. പിന്നീട് കേസില്‍ ജാമ്യം എടുക്കാതെ സുജിത്ത് പഞ്ചാബിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു.