മുക്കം: മുക്കത്ത് നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ അറസ്റ്റിൽ. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജ് ആണ് പിടിയിലായത്. വയനാട്ടിൽ നിന്നാണ് ഇയാളെ മുക്കം പൊലീസ് പിടികൂടിയത്.
സുഹൃത്തിന്റെ വീട്ടിലെ നാല് വയസുകാരിയായ മകളെയാണ് മുഹമ്മദ് മിഥിലാജ് ലൈംഗിക പീഡനത്തിനു ഇരയാക്കിയത്. ഈ വീട്ടിലെ നിത്യ സന്ദർശനകനായിരുന്നു മുഹമ്മദ് മിഥിലാജ്.
അങ്കണവാടിയിലെത്തിയ കുട്ടി അധ്യാപികയുമായുള്ള സംഭാഷണത്തിനിടെയാണ് പീഡന വിവരം പറഞ്ഞത്. ശരീരത്തിലെ വേദന പങ്കുവച്ചപ്പോഴാണ് ടീച്ചർ വിശദമായി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇതോടെ ലൈംഗിക ഉപദ്രവം നേരിട്ടതായി ടീച്ചർ മനസിലാക്കി.
തുടർന്നു ഇവർ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. മതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പിന്നാലെ വയനാട്ടിൽ നിന്നു മുഹമ്മദ് മിഥിലാജിനെ പിടികൂടുകയായിരുന്നു.

