ചേരാനല്ലൂര്‍ ബെൻസ് അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് പരാതി, 17കാരന്റെ ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാൻ പോലീസ്

കൊച്ചി: ചേരാനല്ലൂരില്‍ 17 വയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച്‌ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച്‌ മുഖ്യമന്ത്രി വി.ഡി. സതീശൻ. വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും നീതിക്കായുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.

അപകടവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഡ്രൈവറുടെ പിതാവും അഡീഷണല്‍ ജഡ്ജിയുമായ വ്യക്തിക്കെതിരെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി കൈമാറി. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ജഡ്ജി തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിലെ ആരോപണം. അപകടം നടന്ന ഉടൻ ജഡ്ജിയും കുടുംബവും മറ്റൊരു വാഹനത്തില്‍ സംഭവസ്ഥലത്തെത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു. തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്ര വേഗത്തില്‍ സ്ഥലത്തെത്തിയതെന്നും കുടുംബം സംശയം ഉന്നയിച്ചു.

കുടുംബത്തിന്റെ ആശങ്കകളും പരാതികളും മുഖ്യമന്ത്രിയെ അറിയിച്ചതായി മകള്‍ ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു. അഭിഭാഷകനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആരും തന്നെ ഭീഷണിപ്പെടുത്തുകയോ നിർബന്ധിച്ച്‌ വക്കാലത്തില്‍ ഒപ്പിടുവിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.താൻ വക്കാലത്തില്‍ ഒപ്പിട്ടിരുന്നുവെന്നും എന്നാല്‍ കോടതിയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായ അറിവില്ലെന്നും ഭദ്ര പറഞ്ഞു. കോടതിയുടെ തീരുമാനം വന്നതിന് ശേഷം തുടർനടപടികള്‍ ആലോചിക്കും. അഡ്വ. ശ്രീജിത്ത് തന്നെ കുടുംബത്തിന്റെ അഭിഭാഷകനായി തുടരുമെന്നും അവർ അറിയിച്ചു.

അതേസമയം 17കാരന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ തിരിച്ചെടുക്കാൻ തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം ഉള്‍പ്പെടെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണിലെ ഡാറ്റാ വീണ്ടെടുക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പ്രതിയായ പതിനേഴുകാരൻ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മകനാണ്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നല്‍കിയതിന് ആർ സി ഉടമയായ ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരം (Section 199A) പോലീസ് കേസെടുത്തിട്ടുണ്ട്. മകന് ഡ്രൈവിംഗ് അറിയാമെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് അഡീഷണല്‍ ജഡ്ജി. ഇന്നലത്തെ ചോദ്യം ചെയ്യലിലും ഈ മൊഴിയില്‍ ജഡ്ജി ഉറച്ചുനിന്നു. 17കാരൻ മുമ്പ് ഡ്രൈവ് ചെയ്യുന്നതിന്റെ ദൃശ്യങ്ങളെടുത്ത് ഈ വാദം പൊളിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടസമയത്ത് പ്രതിയായ കൗമാരക്കാരൻ ഓടിച്ചിരുന്ന ആഢംബര കാർ മണിക്കൂറില്‍ 104 കിലോമീറ്ററിലധികം വേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന മൊബൈല്‍ ദൃശ്യങ്ങള്‍ പ്രതിയുടെ ഫോണില്‍ തന്നെയുണ്ടെന്നാണ് സൂചന. ഇതിനു മുൻപും ഇയാള്‍ 208 കിലോമീറ്റർ വേഗതയില്‍ വണ്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടെന്ന് മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചിരുന്നു. ഈ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധിക്കും.

spot_img

Related Articles

Latest news