ദേവസ്വം ബോർഡ് പ്രസിഡൻ്റ് സഞ്ചരിച്ചിരുന്ന കാറിലേക്ക് ബൈക്ക് ഇടിച്ചുകയറി കോളേജ് വിദ്യാർത്ഥി മരിച്ചു

കോന്നി : കൂടൽ ജംക്‌ഷനിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കലഞ്ഞൂർ ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാർത്ഥിയായ കൃഷ്ണനന്ദു (19) ആണ് മരണപ്പെട്ടത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ കൂടലിൽ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം. ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരികയായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വാഹനത്തിലേക്കാണ് വിദ്യാർത്ഥി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.

രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന കൃഷ്ണദത്തിന്റെ ബൈക്കിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികൻ പെട്ടെന്ന് ചാടുകയായിരുന്നു. വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ കാർ വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു. ഉടൻ തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വയോധികന് വലിയ പരുക്കുകളില്ല. കാറിലുണ്ടായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റിന് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡന്റ് മറ്റൊരു വാഹനത്തിൽ സ്ഥലത്തുനിന്ന് യാത്ര തുടർന്നു. അപകടം നടന്നയുടൻ കൂടൽ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

spot_img

Related Articles

Latest news