മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ദ്ധന; ബില്‍ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ.

തിരുവനന്തപുരം: മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളവും അലവൻസുകളും കൂട്ടാനുള്ള ബില്‍ ഒറ്റക്കെട്ടായി പാസാക്കി നിയമസഭ. മുൻ എം.എല്‍.എമാരുടെ പെൻഷനും വർദ്ധിപ്പിച്ചു. പണച്ചെലവുള്ളതിനാല്‍ ബില്‍ അവതരണത്തിന് ഗവർണറുടെ അനുമതി മുൻകൂറായി വാങ്ങിയിരുന്നു. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം എം.എല്‍.എമാർക്ക് നിലവില്‍ കിട്ടുന്ന 69,000 രൂപ 98,000 രൂപയായി ഉയരും.

ചെറിയ തുക ശമ്പളവും മറ്റുള്ളവയെല്ലാം യാത്രാബത്തയടക്കം വിവിധ ആനുകൂല്യങ്ങളുമായാണ് ലഭിക്കുക. മന്ത്രിമാർക്ക് 99,000 രൂപയില്‍ നിന്ന് 1.33 ലക്ഷമായി ഉയരും. മൂന്നിലൊന്ന് വർദ്ധനവാണ് വരുത്തിയത്. 2018ലാണ് ഇതിനുമുമ്പ് ആനുകൂല്യങ്ങള്‍ വർദ്ധിപ്പിച്ചത്. മന്ത്രിമാരൂടെ പ്രൈവറ്റ് സെക്രട്ടറിക്കും അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കും 1.40 ലക്ഷം രൂപ ശമ്പളം ലഭിക്കുമ്പോള്‍ മന്ത്രിക്ക് ഒരു ലക്ഷത്തോളം മാത്രമായിരുന്നു ലഭിച്ചിരുന്നത്.

മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പള, അലവൻസ് തുകകള്‍ 30 മുതല്‍ 35 ശതമാനം വരെ ഉയർത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ശമ്പള, അലവൻസ് തുകകള്‍ പരിഷ്കരിക്കണമെങ്കില്‍ ശമ്പളവും ബത്തയും ബില്‍ ഭേദഗതി ചെയ്യണം.

എം.എല്‍.എമാരുടെ സ്റ്റാഫിനും ശമ്പള വർദ്ധനഅനുവദിക്കും. നിലവില്‍ ഇരുപതിനായിരം ആയത് 25000 ആയി കൂടും. എം.എല്‍.എമാരുടെ ഇന്ധന അലവൻസിലും വർദ്ധന വരുത്തും. ഇന്ധന വില വർദ്ധനവ് കൂടി പരിഗണിച്ചാണിത്. മന്ത്രിമാരുടെ ശമ്പള സ്കെയിലില്‍ അടിസ്ഥാന ശമ്പളത്തിലും ഡി.എയിലും അടക്കം വർദ്ധന വരുത്തും.

spot_img

Related Articles

Latest news