നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്ക് സർവീസ് പുനരാരംഭിച്ച സൗദി എയർ ലൈൻസിന്റെ ആദ്യ വിമാനത്തിൽ റിയാദിലെത്തിയ യാത്രക്കാർക്ക് റിയാദ് ഒ ഐ സി സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി.പ്രവാസി സമൂഹത്തിന്റെ ഏറെക്കാലത്തെ കാത്തിരിപ്പിന് ഇതോടെ വിരാമമായി. മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾ ഏറെ ആശ്രയിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തെയാണ്.
റിയാദ് ഓ ഐ സി സി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലിം കളക്കര,ജില്ല ജനറൽ സെക്രട്ടറിയും മീഡിയ കോർഡിനേറ്ററുമായ അലി അഹമ്മദ് ആസാദ്, ഒ ഐ സി സി വനിതാ വേദി ട്രഷറർ സൈഫുന്നിസ സിദ്ധീഖ്, അമൻ ഫറാസ്, അഫ്ര പി കെ എന്നിവർ ചേർന്ന് പൂക്കളും മധുരവും നൽകി യാത്രക്കാരെ സ്വീകരിച്ചു. ഒ ഐ സി സി നൽകിയ ഹൃദ്യമായ സ്വീകരണത്തിന് യാത്രക്കാർ നന്ദി പറഞ്ഞു. പ്രവാസ ലോകത്ത് ഓ ഐ സി സി നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു.

