റിയാദ് /മുക്കം: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി റിയാദ് മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്). സംഘടനയുടെ ‘കാരുണ്യ സ്പർശം 2026’ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിലുള്ളവർക്കുള്ള സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തു. നെല്ലിക്കാപറമ്പിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.
കാരുണ്യ സഹായ വിതരണോദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ നിർവ്വഹിച്ചു. പ്രവാസികളുടെ ഇത്തരം കൂട്ടായ്മകൾ നാട്ടിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും രോഗികൾക്കും വലിയ ആശ്വാസമാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
മാസ് വനിതാ ഭാരവാഹിയും കാരശ്ശേരി പഞ്ചായത്ത് അംഗവുമായ ഹസീന ബഷീർ കുയ്യിൽ, നെല്ലിക്കാപറമ്പ് വാർഡ് മെമ്പർ ബിജീഷ്, മാസ് മുക്കം കോർഡിനേറ്റർമാരായ ജാഫർ കെ.കെ, മുഹമ്മദ് പി.സി, ഷെരീഫ് സികെ, അഹമ്മദ് കുട്ടി, മൻസൂർ പി.എം എന്നിവർ ആസംശകൾ നേർന്ന് സംസാരിച്ചു. മാസ് റിയാദ് രക്ഷാധികാരികളായ ഉമ്മർ മുക്കം സ്വാഗതവും ജബ്ബാർ കക്കാട് നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ വിവിധ പാലിയേറ്റീവ് കെയറുകൾക്കും വ്യക്തികൾക്കുമുള്ള ധനസഹായങ്ങൾ കൈമാറി.
കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് സഹായ ധനം മാസ് വനിതാവേദി പ്രസിഡന്റ് ഫാത്തിമ പി.സിയിൽ നിന്നും ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ നാസർ സഹായം ഏറ്റുവാങ്ങി.
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സഹായം മാസ് റിയാദ് പ്രസിഡന്റ് യതി മുഹമ്മദ് അലിയിൽ നിന്നും ജനറൽ കൺവീനർ സൈത് ഫസൽ സഹായധനം സ്വീകരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാസ് അംഗത്തിന്റെ മകനുള്ള ചികിത്സാ ധനസഹായം മാസ് രക്ഷാധികാരി ജബ്ബാർ കക്കാടിൽ നിന്നും ഷമീർ എ.കെ. ഏറ്റുവാങ്ങി. ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ‘എന്റെ നെല്ലിക്കാപറമ്പ്’ സന്നദ്ധ സേനയ്ക്കുള്ള സഹായം ചീഫ് കോർഡിനേറ്റർ പി.ടി. മുനീറിന് മാസ് രക്ഷാധികാരി ഉമ്മർ മുക്കം കൈമാറി.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം പ്രാദേശിക ഭരണകൂടത്തിന്റെ സാരഥികളെയും ചടങ്ങിൽ ആദരിച്ചു. കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ വാർഡ് അംഗങ്ങൾ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
സലീം മാസ്റ്റർ, ഖാദർ പാറക്കൽ, നജുവാ കൊളകാടൻ, സജ്ന സുബൈർ, നുസ്രത്, ഫാസില, സാബിത കല്ലട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി മാറുന്ന മാസ് റിയാദിന്റെ ഇടപെടൽ പ്രദേശത്തെ സാമൂഹിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്നതായി പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

