കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണയ്ക്കുമെന്ന സൂചനയുമായി മുസ്ലീം ലീഗ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച ജനപിന്തുണയെന്ന് കരുതുന്നുവെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.പൊതുജനങ്ങളുടെ മനോഭാവം അതുതന്നെയാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ യുഡിഎഫ് ജനവികാരം കണക്കിലെടുത്തായിരിക്കും തീരുമാനം കൈക്കൊള്ളുകയെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റേതാണെങ്കിലും, അവർ ജനങ്ങളുടെ അഭിപ്രായം മാനിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിന്റെ നിലപാടുകളും അജണ്ടയും തീരുമാനിക്കുന്നത് പാർട്ടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പുറത്തുള്ളവർക്ക് അതില്‍ ഇടപെടാനാവില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. അർഹിക്കുന്ന രാഷ്ട്രീയ സ്ഥാനവും പരിഗണനയും ലീഗിന് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

