പ്രവാസി വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം: അഭിനന്ദിച്ച് റിയാദ് ഒഐസിസി

റിയാദ്: കേരളത്തിലെ പ്രവാസി സമൂഹത്തിന്റെ ദീർഘകാല ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും കൂടുതൽ ഗൗരവമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രവാസി വകുപ്പ് നേരിട്ട് ഏറ്റെടുത്ത തീരുമാനത്തെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി സ്വാഗതം ചെയ്തു. പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകളും പ്രവർത്തനങ്ങളും നടത്തി വരുന്ന വി.ഡി. സതീശൻ ഈ ഉത്തരവാദിത്വം ഏറ്റെടുത്തത് കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾ തൊഴിൽ, നിയമ, ആരോഗ്യ, വിദ്യാഭ്യാസ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ, പ്രവാസി വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്ന പ്രതീക്ഷയും നേതാക്കൾ പങ്കുവച്ചു.
പ്രവാസികളുടെ ക്ഷേമം, സുരക്ഷ, പുനരധിവാസം, നാട്ടിലേക്കുള്ള മടക്കം, തൊഴിൽ നഷ്ടം മൂലമുള്ള പ്രതിസന്ധികൾ തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൂടുതൽ ശക്തമാകേണ്ട സാഹചര്യമാണുള്ളത്. ഇത്തരമൊരു ഘട്ടത്തിൽ പ്രവാസി വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യാനുള്ള തീരുമാനം ഏറെ പ്രസക്തമാണെന്നും ഒഐസിസി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും പ്രവാസി മലയാളികൾ വഹിക്കുന്ന പങ്ക് അതീവ നിർണായകമാണെന്നും അവരുടെ പ്രശ്നങ്ങൾ സർക്കാർ തലത്തിൽ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. ആയതിനാൽ പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നതായി റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറീയിച്ചു. മുഖ്യമന്ത്രി നേരിട്ട് തന്നെ പ്രവാസി കാര്യവകുപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് ഇന്നലെ വി.ഡി സതീശന് സെൻട്രൽ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ ഈ മെയിൽ സന്ദേശം അയച്ചിരുന്നു.

spot_img

Related Articles

Latest news